അര്‍ജുനെ തേടിയുള്ള തിരച്ചില്‍ അതിനിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. നിലവില്‍ മൂന്നിടത്ത് റഡാര്‍ സിഗ്നല്‍ ലഭിച്ചുവെന്നാണ് വിവരം. അതില്‍ രണ്ടിടത്ത് പരിശോധന പൂര്‍ത്തിയായി. മൂന്നാമത്തെ സ്പോട്ടില്‍ പരിശോധന നടക്കുകയാണെന്ന് അര്‍ജുന്‍റെ സഹോദരന്‍ മനോരമന്യൂസിനോട് പറഞ്ഞു. ഇന്നലെ അര്‍ജുന്‍റെ കുടുംബവും ലോറി ഉടമ മനാഫും രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേലിയും പറഞ്ഞ അതേയിടത്താണ് മൂന്നാമത്തെ സിഗ്നല്‍ ലഭിച്ചിരിക്കുന്നത്.
റോഡിന്‍റെ ഇടതുവശം ചേര്‍ന്നാണിത്. എന്നാല്‍ പ്രതികൂലമാകുന്നത് കാലാവസ്ഥയാണ്. ശക്തമായ കാറ്റും മഴയുമാണ് പ്രധാന വെല്ലുവിളി. മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. മഴ നിന്നാലും മഴവെള്ളം ഒഴുകിയെത്തുന്നു. മാത്രമല്ല ഇവിടെ വലിയ പാറകള്‍ കൂടിക്കിടക്കുകയാണ്. അതിനിടയിലെ നീരുറവയിലാണ് പ്രതീക്ഷയെന്ന് മനാഫ് പറയുന്നു. ഓക്സിജന്‍ സാന്നിധ്യം ഇതിലൂടെ ഉറപ്പിക്കാം. അത് നല്ല സൂചനയാണെന്ന് മനാഫ് മനോരമ ന്യൂസിനോട് പറഞ്ഞു.
‘ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഒരു പൂച്ചക്കുട്ടി മരിച്ച ലാഘവമാണ് അവര്‍ കാട്ടുന്നതെന്ന ആരോപണവും മനാഫ് ഉന്നയിക്കുന്നു. എന്തുതന്നെയാണെങ്കിലും നിര്‍ത്താതെ തിരച്ചില്‍ തുടരണം. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ ഇടവേള വേണ്ടിവന്നാല്‍ പകരം ആളെത്തണം. ഇപ്പോള്‍ കണ്ട ഭാഗം ആണെങ്കില്‍ മൂന്നുമണിക്കൂറില്‍ താഴെ മാത്രം മതി മണ്ണ് മാറ്റാന്‍. വലിയ പൊക്കത്തിലല്ല മണ്ണ് കിടക്കുന്നത്. മണ്ണ് ട്രാക്കിലുമല്ല. ഒരുപക്ഷേ ട്രക്ക് മറിഞ്ഞിരിക്കാം. അര്‍ജുന്‍ മാത്രമല്ല ഇനിയും ആളുകള്‍ ഇതിനടിയിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം പോലുമില്ല. അതിനെല്ലാമുള്ള സംവിധാനം വേണം.
രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ എത്താന്‍ വൈകി. കൃത്യസമയത്ത് ഉപയോഗപ്പെടുത്താന്‍ വേണ്ടിയല്ലേ ഇവയെല്ലാം. അത്യാധുനിക സംവിധാനങ്ങള്‍ ഇത്തരം അപകടങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ എത്തിക്കണം. അതിനുള്ള നീക്കം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍, പ്രതിപക്ഷം, മാധ്യമങ്ങള്‍ തുടങ്ങി എല്ലാവരും വിഷയത്തില്‍ ഇടപെട്ടതാണ് തിരച്ചിലില്‍ ഇത്രയെങ്കിലും പുരോഗതിയുണ്ടാകാന്‍ കാരണം’ മനാഫ് മനോരമ ന്യൂസിനോട് പറഞ്ഞു.