വിരമിക്കൽ ആനുകൂല്യമായി ജീവനക്കാർക്ക് കെഎസ്ആർടിസി കൊടുത്തുതീർക്കാനുള്ളത് 134 കോടിയിലേറെ രൂപ. ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ വകയിൽ 91 കോടിയിലധികം രൂപയാണ് കുടിശ്ശികയുള്ളത്. ഇന്ധനം വാങ്ങിയ വകയിൽ ഓയിൽ കമ്പനികൾക്ക് 112 കോടിയോളം രൂപയാണ് കൊടുത്തു തീർക്കാനുള്ളത്.
കെഎസ്ആർടിസിയിൽ ശമ്പളവും, പെൻഷനും വൈകിയെന്നത് പുതുമയുള്ള വാർത്തയല്ല. എന്നാൽ അതിനുമപ്പുറമുള്ള കുടിശ്ശികയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നവംബർ 25 വരെയുള്ള കാലയളവിനുള്ളിൽ വിരമിച്ച ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങളുടെ കുടിശ്ശിക 134.38 കോടി രൂപയാണ്.
ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ വകയിൽ 91 കോടിയിലധികം രൂപയാണ് കൊടുത്ത് തീർക്കാനുള്ളത്. പ്രൊവിഡന്റ് ഫണ്ടിനത്തിൽ നൽകാനുള്ളത് 43 കോടിയിലേറെ രൂപയും. തൊഴിലാളികളിൽ നിന്നും പിടിച്ച പിഎഫ് വിഹിതം പോലും കൃത്യമായി നൽകാൻ കഴിയുന്നില്ല എന്നത് തൊഴിൽ ചൂഷണമാണെന്നാണ് വിമർശനമുയരുന്നത്
തൊഴിലാളികൾക്കുള്ളതിൽ മാത്രമല്ല വൻ തുക കുടിശികയുള്ളത്. ഇന്ധനം വാങ്ങിയ വകയിൽ ഓയിൽ കമ്പനികൾക്ക് 111.84 കോടി രൂപയാണ് നൽകാനുള്ളത്. സ്പെയർ പാർട്സ് വാങ്ങിയ വകയിൽ കുടിശികയുള്ളത് ഏഴു കോടി അറുപത്തി ഏഴ് ലക്ഷം രൂപയിലേറെയാണ്.
ടയർ വാങ്ങിയതിലും നൽകാനുണ്ട് രണ്ടുകോടി 18 ലക്ഷത്തിലേറെ രൂപ. അതായത് കൊടുത്ത തീർക്കാനുള്ള തുക കണക്കുകൂട്ടി തുടങ്ങിയാൽ അത്ര പെട്ടെന്നൊന്നും തീരില്ല എന്നതാണ് വസ്തുത