കേരള അതിര്‍ത്തിയില്‍ തമിഴ്നാട് നടത്തുന്ന നിപ പരിശോധനക്കെതിരെ മന്ത്രി വീണ ജോര്‍ജ് രംഗത്ത് എത്തിയെങ്കിലും ഗൂഡല്ലൂര്‍ നാടുകാണിയിലും കോയമ്പത്തൂര്‍ ചാവടിയിലും പരിശോധന തുടരുകയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം.
യാത്രക്കാരില്‍ പനി ലക്ഷണങ്ങളുളളവരുടെ ശരീരോഷ്മാവും ആരോഗ്യസ്ഥിതിയും പരിശോധിച്ച ശേഷമാണ് കേരളത്തില്‍ നിന്നുളള യാത്രക്കാരെ തമിഴ്നാട്ടിലേക്ക് കടത്തി വിടുന്നത്. പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സും ക്രമീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ നിപ ബാധിച്ച 14കാരനുമായി സമ്പര്‍ക്കമുളള എല്ലാവരേയും ഉള്‍പ്പെടുത്തി വിശദമായ സമ്പര്‍ക്കപട്ടിക തയാറാക്കിയിട്ടുണ്ടെന്നും കേരളം കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കുബോള്‍ തമിഴ്നാട് നടത്തുന്ന പരിശോധന അനാവശ്യമാണന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ നിന്നുളള ആയിരക്കണക്കിനു വാഹനങ്ങളാണ് പരിശോധിച്ച ശേഷം അതിര്‍ത്തി കടക്കുന്നത്. ആംബുലന്‍സുകളേയും ചരക്കുവാഹനങ്ങളേയും പരിശോധനയില്ലാതെ കടത്തി വിടുന്നുമുണ്ട്.