കേന്ദ്രബജറ്റിൽ റെയിൽവേ വികസനത്തിന് കാര്യമായൊന്നും കിട്ടാതെ സംസ്ഥാനം. ശബരി പാതയ്ക്ക് 100 കോടി വകയിരുത്തിയത് നിലനിർത്തി. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിനാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.
കേരളത്തിന്‍റെ ഏറ്റവും വലിയ റെയിൽവേ വികസന സ്വപ്നങ്ങളിലൊന്നാണ് ശബരി പാത. ബജറ്റിൽ 100 കോടി വിഹിതം നില നിർത്തിയിട്ടുണ്ട്. പക്ഷേ സംസ്ഥാനം ചെലവ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പണം ചെലവഴിക്കാൻ കഴിയില്ല. 1516 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഷൊർണൂർ- എറണാകുളം മൂന്നാം പാതയ്ക്ക് കിട്ടിയത് 5 ലക്ഷം മാത്രം. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി നീക്കിവച്ചത് 365 കോടിയായി വെട്ടിക്കുറച്ചു. 365 കോടിയുടെ പണികളെ ഈ വർഷം പൂർത്തിയാക്കാൻ കഴിയുവെന്നാണ് റെയിൽവേ വിലയിരുത്തുന്നത്.
ഭൂമിയേറ്റെടുക്കുന്നതിലെ കാലതാമസമുൾപ്പെടെ തിരിച്ചടിയായി.എറണാകുളം - കുമ്പളം രണ്ടാം പാതയ്ക്ക് 105 കോടിയും കുമ്പളം- തുറവൂർ രണ്ടാം പാതയ്ക്ക് 102 കോടിയും വകയിരുത്തി. ജനറൽ കോച്ചുകളുടെ നിർമാണത്തിനു പ്രാധാന്യം നല്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഈ തീരുമാനം ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതിന്‍റെ ദുരിതമനുഭവിക്കുന്ന കേരളത്തിലെ യാത്രക്കാർക്ക് ഭാവിയിൽ പ്രയോജനപ്പെടും.