ശൂരനാട് വിപ്ലവത്തിന്‍റെ ഓര്‍മകള്‍ക്ക് 75 വയസ്. ജന്മിത്വത്തിന് എതിരെ പടവാള്‍ ഉയര്‍ത്തിയ കമ്യൂണിസ്റ്റ് സമരമെന്ന് വിശേഷിപ്പിക്കുമ്പോഴും ജീവിക്കാന്‍ വേണ്ടി കാക്കിയണിഞ്ഞ നാലുപൊലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പൊലീസ് പീഡനത്തില്‍ അഞ്ച് കമ്യൂണിസ്റ്റുകാരും മരിച്ചുവീണു. തിരുകൊച്ചിയില്‍ ആദ്യമായും അവസാനമായും കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതും ആ സംഭവത്തോടെയാണ്. ചരിത്രത്തിലെ മങ്ങാത്ത ഓര്‍മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.ജെ. മാത്യുവും കോണ്‍സ്റ്റബിള്‍മാരായ കെ.വാസുദേവന്‍ പിള്ളയും ഡാനിയേലും കുഞ്ഞുപിള്ള ആചാരിയും ഒരുസംഘമാളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 1950ലെ പുതുവര്‍ഷപ്പുലരിയില്‍ ശൂരനാട്ടുകാര്‍ ഉണര്‍ന്നത് ഈ നടുക്കുന്ന വാര്‍ത്തയറിഞ്ഞാണ്. ജന്മിത്വ വ്യവസ്ഥ അരങ്ങുവാഴുന്ന കാലം. കര്‍ഷകരും കമ്യൂണിസ്റ്റുകാരും ഒരുപോലെ ചെറുത്തുനില്‍പ് നടത്തുന്ന സമയം. സര്‍ക്കാര്‍ വകയായ ഉള്ളന്നൂര്‍ കുളത്തില്‍ മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അന്വേഷിക്കാനെത്തിയതാണ് പൊലീസ് സംഘം.
പൊലീസിന് നേരെ കല്ലേറുണ്ടായി. സംഘര്‍ഷം കുത്തിലും വെട്ടിലും കൊലയിലും അവസാനിച്ചു. കാക്കി ചുവപ്പിച്ച് ചോര വാര്‍ന്നു. പുതുപ്പള്ളി രാഘവനും തോപ്പില്‍ ഭാസിയും ഉള്‍പ്പെടെ 26 പേര്‍ കേസില്‍ പ്രതികളായി. അച്ഛന്‍ കൊല്ലപ്പെട്ട ആ രാത്രി ഇന്‍സ്പെക്ടര്‍ പി.ജെ മാത്യുവിന്‍റെ മകള്‍, അന്നത്തെ 12കാരിയുടെ മനസ്സില്‍ ഇന്നും വിങ്ങലാണ്.
സര്‍ക്കാര്‍ പൊലീസിനെ പിന്തുണച്ചു. ശൂരനാടെന്നൊരു നാട് ഇനി വേണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണ പിള്ളയുടെ പ്രഖ്യാപനം വന്നു. പിന്നെ നടന്നത് പൊലീസിന്‍റെ കൊടിയ പീഡനമെന്ന് കമ്മ്യൂണിസ്റ്റ് ചരിത്രം. ജനുവരി 18ന് തണ്ടാശ്ശേരി രാഘവന്‍ തടവറയില്‍ കൊല്ലപ്പെട്ടു. പിന്നെയും നാലു കമ്യൂണിസ്റ്റുകാര്‍ ലോക്കപ്പില്‍ മരിച്ചു. പ്രതികളില്‍ രണ്ടുപേരെ കാണാതായി.
ഐക്യകേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ ഇഎംഎസ് സര്‍ക്കാര്‍ ശൂരനാട് സംഭവത്തിലെ പ്രതികളെ വെറുതെ വിട്ടു. മണ്‍മറഞ്ഞ കമ്യൂണിസ്റ്റുകാര്‍ക്കായി സ്മാരകം ഉയര്‍ന്നു. എല്ലാത്തിനും മൂകസാക്ഷിയായ ഉള്ളന്നൂര്‍ കുളം ഇന്നും അവിടെയുണ്ട്. ബാക്കിയാകുന്നത് കൊല്ലപ്പെട്ട പൊലീസുകാരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും കുടുംബങ്ങളുടെ കണ്ണീര്‍ മാത്രം.