kerala-rain

TOPICS COVERED

ആഞ്ഞടിച്ച കാറ്റില്‍  കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍  വ്യാപകനാശം. മരങ്ങള്‍ കടപുഴകി വീണ് കോഴിക്കോട് 12 വീടുകളും പാലക്കാട് ധോണിയില്‍ ഒരുവീടും ഭാഗികമായി തകര്‍ന്നു. കുറ്റ്യാടിയില്‍ മരം വീടിന് മുകളിലേക്ക് വീണ് യുവതിക്ക് പരുക്കേറ്റു. വയനാട് ട്രൈബല്‍ സ്കൂളിന്‍റെ മേല്‍ക്കൂര പറന്നുപോയതിനെ തുടര്‍ന്ന് ഒഴിവായത് വന്‍ദുരന്തം. കണ്ണൂരിലും കാറ്റ് വ്യാപകനാശം വരുത്തി.

കോഴിക്കോട് നഗരത്തിലും മലയോരമേഖലകളിലും ഇന്ന് പുലര്‍ച്ചേ ഒരുമണിയോടെയാണ് കാറ്റ് ആഞ്ഞുവീശിയത്. മിനിറ്റുകള്‍ മാത്രം വീശിയ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. കൊമ്മേരി, മൈലമ്പാടി, മേത്തോട്ടുത്താഴം ഭാഗങ്ങളില്‍ മാത്രം ഏഴ് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. അമ്മ‍ഞ്ചേരി സതീഷന്‍റെ വീട്ടിലെ ഓടുകള്‍ പാറിപ്പോയി.വന്‍ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതുകൊണ്ടാണ്  പ്രവീണും കുടുംബവും രക്ഷപ്പെട്ടത്

നാരാങ്ങാളി ക്ഷേത്രത്തിന് സമീപത്തെ ആല്‍മരം കടപുഴകി വീണാണ് അഭിജിത്തിന്‍റെ വീട് തകര്‍ന്നത്.വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട കാറും ലോറിയും തകര്‍ന്നു. താമരശേരിയില്‍ നാല് വീടുകള്‍ തകര്‍ന്നു. കുറ്റ്യാടിയില്‍ തെങ്ങ് വീടിന് മുകളിലേക്ക് വീണാണ്  കാവിലുംപാറ  നാരായണന്‍റെ മകള്‍ സ്വപ്നയ്ക്ക് പരുക്കേറ്റത്. വിലങ്ങാട്, ജതിയേരി, ഇയ്യങ്കോട് ഭാഗങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും പൊട്ടിവീണു. 

പാലക്കാട് ശക്തമായ കാറ്റിൽ റബർ മരങ്ങൾ ഉൾപ്പെടെ കടപുഴകിവീണു.തേക്ക് മരം വീണ് ധോണി സ്വദേശി പൊന്നു മണിയുടെ ഓടിട്ട വീടിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഇന്നലെ മാത്രം ജില്ലയിൽ ഒരു വീട് പൂർണമായും ഇരുപത്തി ആറ് വീട് ഭാഗികമായും തകർന്നുവെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്. കണ്ണൂരില്‍ വെങ്ങര, പഴയങ്ങാടി, മയ്യില്‍ , എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. ഇരിണാവ് കോസ്റ്റ് ഗാര്‍ഡിന് സമീപം കുഞ്ഞാറ്റബീവിയുടെ വീടിന്‍റെ ഓടുകള്‍ ഇളകി പറന്നുപോയി. വയനാട് വാളാട് എടത്തന ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ മേല്‍ക്കൂര പറന്നുപോയി. അധ്യാപകരും കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 

ENGLISH SUMMARY:

Strong Wind hit northern kerala; The roof of school in Wayanad was damaged