riyas-shiroor

അര്‍ജുന്‍റെ കുടുംബത്തിന് തിരച്ചില്‍ നടക്കുന്ന സ്ഥലത്തെത്താന്‍ പാസ് നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തിരച്ചിലിനായി പോന്‍റൂണ്‍ കൊണ്ടുവരാന്‍ തടസങ്ങളുണ്ട്. കൂടുതല്‍ സാങ്കേതിക വിദഗ്ധരെ എത്തിക്കുന്നത് ആലോചിച്ച് പറയാമെന്ന് നേവി അറിയിച്ചു. പ്രാദേശിക മല്‍സ്യത്തൊഴിലാളികളുടെ സഹായം തേടും. ഏഴുപേര്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. 

അര്‍ജുനെ കണ്ടെത്തുന്നതുവരെ സൈന്യം തിരച്ചില്‍ തുടരുമെന്ന് എം.കെ.രാഘവന്‍ എം.പി പറഞ്ഞു. ഇന്നോ നാളെയോ അര്‍ജുനെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തിരച്ചിലിന് സാധ്യമായതെല്ലാം കര്‍ണാടക സര്‍ക്കാര്‍ ചെയ്തുവെന്നും എം.കെ.രാഘവന്‍  കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, അര്‍ജുനായുള്ള തിരച്ചില്‍ നീളുകയാണ്. പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ നാവികസേനയ്ക്കു പുഴയിലിറങ്ങാനാകുന്നില്ല. ബോട്ടില്‍ പുഴയിലിറങ്ങിയ നാവികസേന പ്രതികൂല സാഹചര്യത്തില്‍ തിരിച്ചുകയറി. ഷിരൂരില്‍ ശക്തമായ മഴ തുടരുകയാണ്. ചങ്ങാടം എത്തിച്ചുള്ള പരിശോധന ഇന്നുണ്ടാകും. പോന്‍റൂണ്‍ സ്ഥാപിച്ച് അടിയൊഴുക്ക് പ്രതിരോധിച്ച് മുങ്ങിത്തപ്പാനാണ് ശ്രമം. 

 

ട്രക്കിന്റെ സ്ഥിതിയെക്കുറിച്ച് ഐ ബോർഡ് പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെട്ട റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ട്രക്ക് അൽപം ചരിഞ്ഞ നിലയിലാണ്. അടിയന്തരമായി കൂടുതൽ സൈനിക സഹായം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്ത് നൽകി. 

ENGLISH SUMMARY:

Arjun's family will be given a pass to reach search spot: Minister