vasukiout
  • നിയമനത്തിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പ്
  • വിദേശകാര്യം സംസ്ഥാന പട്ടികയിലലെന്ന് കേന്ദ്രം
  • സംസ്ഥാനത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല

കെ.വാസുകിക്ക് വിദേശ സഹകരണചുമതല നല്‍കിയതില്‍ കേന്ദ്രത്തിന്‍റെ തുടര്‍നീക്കം നിരീക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. നിയമനത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പ് പുറത്തിറക്കിയെങ്കിലും സംസ്ഥാനത്തിനിതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് നിലവില്‍ സര്‍ക്കാരിന്‍റെ തീരുമാനം.

 

സര്‍ക്കാരിന്‍റെ വിദേശ സഹകരണത്തിന്‍റെ ചുമതല കെ.വാസുകിക്ക് നല്‍കി കൊണ്ടുള്ള ഉത്തരവിറങ്ങിയതിനു പിന്നാലെ വിവാദവും തുടങ്ങി. എന്നാല്‍ വിവാദങ്ങളെ കാര്യമാക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഭരണഘടന പ്രകാരം വിദേശകാര്യം കേന്ദ്ര പട്ടികയിലുള്ളതാണെന്നും അധികാര പരിധി ലംഘിക്കരുതെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ നിയമനം സംബന്ധിച്ചുള്ള ഒരു നിലപാടും കേന്ദ്രം അറിയിച്ചിട്ടില്ല. കേന്ദ്രം ഔദ്യോഗികമായി ആവശ്യപ്പെടാതെ യാതൊരു പ്രതികരണത്തിനും സംസ്ഥാനം മുതിരുകയുമില്ല. അതുകൊണ്ടു തന്നെ നിലവിലെ വകുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം.

 മന്ത്രിമാരുടെ വിദേശ യാത്രകള്‍ ക്രമീകരിക്കാനുള്ള ചുമതലയും കെ.വാസുകിയ്ക്കാണ്. കേന്ദ്രാനുമതിക്കായി സമീപിക്കുമ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സമീപനം കണ്ടറിയേണ്ടതാണ്. നേരത്തെ തന്നെ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയം ഉടക്കിട്ടിരുന്നു. അപ്പോഴാണ് കേന്ദ്രം തന്നെ പരസ്യ നിലപാടെടുത്ത നിയമനത്തിലെ ഉദ്യോഗസ്ഥ തന്നെ അനുമതിക്കായി മന്ത്രാലയത്തിനെ സമീപിക്കുന്നത്. 

ENGLISH SUMMARY:

The state government is observing the further move of the center in giving K. Vasuki the foreign cooperation post. The Union Ministry of External Affairs issued a press release against the appointment, but the state has not yet received any official notification.