cinema-conclave-kerala

ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമ കോണ്‍ക്ലേവ് നീട്ടിവച്ചേക്കും. നവംബര്‍ 24, 25 തീയതികളിലാണ് കോണ്‍ക്ലേവ് നിശ്ചയിച്ചിരുന്നുത്. എന്നാല്‍ കേരളീയവും രാജ്യാന്തര ചലച്ചിത്രോല്‍സവവും നടക്കുന്നതിനാല്‍ കോണ്‍ക്ലേവ് മാറ്റേണ്ടിവരുമെന്നാണ് സൂചന. ഇവയുടെ ഒരുക്കങ്ങളിലാകും ഉദ്യോഗസ്ഥരെന്നും അതുകൊണ്ട് തന്നെ മതിയായ ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്നതുമാണ് കാരണം. എന്നാല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്ന് പല പ്രധാന സിനിമാ സംഘടനകളും നിലപാടെടുത്ത സാഹചര്യം കൂടി സര്‍ക്കാരിന് മുന്നിലുണ്ട്.

ഡിസംബര്‍ ആദ്യ ആഴ്ചയാണ് കേരളീയം. ഒരാഴ്ച കഴിഞ്ഞ് രാജ്യാന്തര ചലച്ചിത്രോല്‍സവവും തുടങ്ങും. അതേസമയം സിനിമ നയത്തിന്റെ കരട് രൂപീകരിക്കാനുള്ള ചര്‍ച്ചയ്ക്ക് ഇന്ന്കൊച്ചിയില്‍ തുടക്കമാകും. ആരോപണങ്ങളെ തുടര്‍ന്ന് നയരൂപീകരണ സമിതിയില്‍ നിന്ന് എം.മുകേഷ് എം.എല്‍.എയെ ഒഴിവാക്കിയിരുന്നു.

സാംസ്കാരിക വകുപ്പ് സെക്രട്ടറി, നടിമാരായ മഞ്ജുവാരിയര്‍, പത്മപ്രിയ, നിഖില വിമല്‍ സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, രാജീവ് രവി, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് സമിതി അംഗങ്ങള്‍. കഴിഞ്ഞവര്‍ഷം  ഓഗസ്റ്റിലാണ് സമിതി രൂപീകരിച്ചത്.  മഞ്ജുവാരിയരും, രാജീവ് രവിയും മറ്റുതിരക്കുകള്‍ കാരണം സമിതിയില്‍ നിന്ന് ആദ്യംതന്നെ പിന്മാറിയിരുന്നു. ഡല്‍ഹിയിലായതിനാല്‍ പത്മപ്രിയയും കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ല. 

ENGLISH SUMMARY:

The Kerala government may postpone the Cinema Conclave from November to January. The idea to postpone the event arose due to the Keraleeyam and international film festival.