അഞ്ചുവയസുകാരിയുടെ കൊലപാതകം നടന്ന് ഒരുവര്‍ഷം പിന്നിടുമ്പോളും ദുരവസ്ഥയും ദുരിതവും മാറാതെ മാര്‍ക്കറ്റ്. രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയതിനപ്പുറത്തേക്ക് മറ്റ് പ്രഖ്യാപനങ്ങളെല്ലാം വാക്കുകളിലൊതുകി. മാലിന്യം കുമിഞ്ഞുകൂടിയ മാര്‍ക്കറ്റ് ഇപ്പോളും നാട്ടുകാര്‍ക്ക് പേടിസ്വപ്നമായി തുടരുകയാണ്.
മാലിന്യക്കൂമ്പാരവും, കുഴികളും, കുറ്റിക്കാടുകളും, അഞ്ചുവയസുകാരിയെ കൊലപ്പെടുത്തി അസഫാക് ആലം മൃതദേഹം ഒളിപ്പിച്ചതും ഇവിടെ. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനുപിന്നാലെ കുറ്റവാളികളുടെ സങ്കേതമായ ആലുവമാര്‍ക്കറ്റിനെ അടിമുടി മാറ്റുമെന്ന് നഗരസഭ പ്രഖ്യാപിച്ചു. പൊലീസ് റോന്ത് ചുറ്റി തുടങ്ങിയതോടെ സാമൂഹ്യവിരുദ്ധരുടെ ശല്യം പണ്ടത്തേപോലില്ല.
ഏത് നിമിഷവും ക്രിമിനലുകള്‍ക്ക് താവളമാക്കാന്‍ പറ്റിയ സാഹചര്യങള്‍ തന്നെയാണ് ഇന്നും മാര്‍ക്കറ്റില്‍. രാത്രികാലങ്ങള്‍ മാര്‍ക്കറ്റ് ഇരുട്ടിലാണ്. മാര്‍ക്കറ്റിനുള്ളിലേക്ക് കടക്കാന്‍ നാട്ടുകാര്‍ ഇപ്പോഴും ഭയക്കുന്നുണ്ട്. ആധുനിക നിലവാരത്തിലേക്ക് മാര്‍ക്കറ്റ് ഉയര്‍ത്താനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല. മാര്‍ക്കറ്റിന് പിന്‍വശം മാലിന്യവും ദുര്‍ഗന്ധവും നിറഞ്ഞ നിലയിലാണ്. അധികാരികളുടെ അനാസ്ഥയും അവഗണനയുമാണ് കുറ്റവാളികളും മുതലെടുക്കുന്നത്.