ആളുമാറി ജീവനക്കാരനെ കസ്റ്റഡിയിൽ എടുത്തതിനെതിരെ പ്രതിഷേധ പ്രമേയം പാസാക്കി ആലുവ നഗരസഭ. ഡ്യൂട്ടിയിലായിരുന്ന നഗരസഭയുടെ താൽക്കാലിക ജീവനക്കാരൻ ടി.എ.സുധീറീനെയാണ് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 2022ൽ വീട് തല്ലിപ്പൊളിച്ച കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസിനാണ് അബദ്ധം പറ്റിയത്.
സുധീർ നഗരസഭയിലെ വാച്ചറാണ് . കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ ഡ്യൂട്ടിക്കിടെ ആയിരുന്നിട്ടും കാര്യം വിശദീകരിക്കാതെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.നഗരസഭ ചെയർമാൻ നേരിട്ട് അന്വാഷിച്ചിട്ടും പൊലീസ് കാര്യം വ്യക്തമാക്കിയില്ലെന്നാണ് ആരോപണം.
പിന്നീട് സ്റ്റേഷനിൽ എത്തി രാത്രി ഒമ്പതരയോടെയാണ് ആളു മാറിപ്പോയ കാര്യം പൊലീസിന് മനസ്സിലാകുന്നത്. ഉടൻതന്നെ സുധീറിനെ വിട്ടയക്കുകയും ചെയ്തു. പോലീസിൻ്റെ ഈ നടപടിക്കെതിരെയാണ് ആലുവ നഗരസഭ അടിയന്തര യോഗം ചേർന്ന് പ്രതിഷേധ പ്രമേയം പാസാക്കിയത്. ഡ്യൂട്ടിയിലുള്ള ജീവനക്കാരനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ നഗരസഭയെ അറിയിച്ചില്ലെന്നതും ഗൗരവമാണെന്ന് കൗൺസിൽ വിലയിരുത്തി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് നഗരസഭ എസ്.പിക്ക് പരാതിയും നൽകി.