- 1

എക്സൈസ് കമ്മിഷണര്‍ പുറത്തിറക്കിയ എക്സൈസ് ഇന്‍റലിജന്‍സ് സ്ഥലംമാറ്റ ഉത്തരവിനു എക്സൈസ് മന്ത്രിയുടെ ഓഫിസിന്‍റെ കടുംവെട്ട്. കമ്മിഷണര്‍ മഹിപാല്‍ യാദവ് പുറത്തിറക്കിയ ലിസ്റ്റ് തല്‍ക്കാലം മരവിപ്പിക്കാന്‍ മന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. ഓണക്കാലം അടുത്തതോടെ ഇന്‍റലിജന്‍സില്‍ പുതിയ ആള്‍ക്കാരെ കൊണ്ടു വന്നു സജീവമാക്കാനായിരുന്നു ശ്രമം. 

 

എക്സൈസ് വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് എക്സൈസ് ഇന്‍റലിജന്‍സ്. വ്യാജമദ്യം , ലഹരി മരുന്ന് ഇവയുടെ വിവരം ശേഖരിച്ച് സേനയ്ക്ക് കൈമാറുന്നതും  ഇന്‍റലിജന്‍സ് വിഭാഗം. ബാറുകളില്‍ സെക്കന്‍റ്സ്  മദ്യ വിതരണം നടത്തുന്നുണ്ടോയെന്നും രഹസ്യവിവരം ശേഖരിച്ച് അതാത് യൂണിറ്റുകള്‍ക്ക് കൈമാറുന്നതും ഇവരാണ്. ഇതില്‍ ഏറ്റവും പ്രധാനം എക്സൈസ് ഉദ്യോഗസ്ഥര്‍ ബാറുകാര്‍, കള്ളുഷാപ്പു ഉടമകള്‍ ഇവരുമായി ഒത്തു കളിക്കുന്നുണ്ടോയെന്ന വിവരം ശേഖരിച്ച് സര്‍ക്കാരിനു കൈമാറുന്നതും എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗമാണ്. ബാറുകളുടെ എണ്ണം സര്‍വകാല റെക്കോഡും ഭേദിച്ച് 900 പിന്നിട്ടതോടെ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ ചുമതല ഇരട്ടിച്ചു. തുടര്‍ന്നാണ് 

മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഇന്‍റലിജന്‍സില്‍ ജോലി ചെയ്തവരെ മാറ്റി പുതിയ ടീമിനെ കൊണ്ടുവന്നു ചടുലമാക്കാന്‍ എക്സൈസ് കമ്മിഷണര്‍ തീരുമാനിച്ചത്. ഇതിന്‍റെയടിസ്ഥാനത്തില്‍ സേനയില്‍ നിന്നു കണ്ടെത്തിയ 42 പേരുടെ ലിസ്റ്റ് തയ്യാറാക്കി.  വെള്ളിയാഴ്ച ലിസ്റ്റ് പുറത്തിറക്കി. ഇന്നലെ രാവിലെ ലിസ്റ്റ് തല്‍ക്കാലം നടപ്പാക്കേണ്ടെന്നു എക്സൈസ് മന്ത്രി എം.ബി.രാജേഷിന്‍റെ ഓഫിസ് നിര്‍ദേശം നല്‍കുകയായിരുന്നു. സ്റ്റാഫ് അസോസിയേഷന്‍റെ സമ്മര്‍ദമാണ് മന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടലിനു പിന്നിലെന്നാണ് ആക്ഷേപം. എന്നാല്‍ ലിസ്റ്റ് മരവിപ്പിച്ചില്ലെന്നും തല്‍ക്കാലം പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കേണ്ടെന്നാണ് നിര്‍ദേശം നല്‍കിയതെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫിസിന്‍റെ വിശദീകരണം

ENGLISH SUMMARY:

Excise Intelligence transfer order will freeze