Image Credit; Facebook

Image Credit; Facebook

ഡിസി ബുക്സിൽ നിന്ന് രണ്ട് പുസ്തകങ്ങളുടെ റോയൽറ്റിയായി 28000 രൂപ ലഭിച്ച വിവരം പങ്കുവെച്ച് കെടി ജലീൽ. ജീവിതത്തിൻ്റെ സിംഹഭാഗവും പിന്നിട്ടുവെന്നും അവസാന ശ്വാസംവരെയും എഴുതണമെന്നാണ് ആ​ഗ്രഹമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ചിന്ത പബ്ലിക്കേഷനിൽ നിന്ന് ആദ്യമായി റോയൽറ്റി കിട്ടിയ അനുഭവവും ദീർഘമായ കുറിപ്പിലൂടെ അദ്ദേഹം പങ്കുവെച്ചു. 

എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ്. നമ്മൾ മൺമറഞ്ഞാലും ഈ ഭൂമുഖത്ത് നാം ജീവിച്ചിരുന്നു എന്നതിൻ്റെ സാക്ഷ്യപത്രമായി അവശേഷിക്കുക നമ്മുടെ രചനകളും കലാസൃഷ്ടികളും മാത്രമാകും.- അദ്ദേഹം കുറിച്ചു. 

കെടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

ഡി.സി ബുക്സിൽ നിന്ന് കിട്ടിയ റോയൽറ്റി........

കേരളത്തില ഏറ്റവും വലിയ പുസ്തക പ്രസാധകരെന്ന ഖ്യാതി ഡിസി ബുക്സിനാണ്. ഇന്ത്യയിൽ തന്നെ എണ്ണം പറഞ്ഞ പുസ്തകശാല. എം.എക്ക് പഠിക്കുന്ന കാലത്താണ് ഡി.സിയുടെ കോഴിക്കോട്ടെ ഷോപ്പ് പതിവായി സന്ദർശിച്ചു തുടങ്ങിയത്. അന്ന് മുതൽക്കുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു പുസ്തകം എഴുതണമെന്നും ഡി.സി അത് പ്രസിദ്ധീകരിക്കണമെന്നുമുള്ളത്. ആ മോഹം പൂവണിയാൻ ഒരുപാട് വർഷം കാത്തിരിക്കേണ്ടിവന്നു. ഒന്നല്ല, രണ്ട് പുസ്തകങ്ങളാണ് ഡി.സി പ്രസിദ്ധീകരിച്ചത്.  ഒന്ന് "മുഖപുസ്തകചിന്തകൾ: ആസ്യാത്ത മുതൽ ആസ്യാത്ത വരെ". രണ്ടാമത്തേത് "Revisiting Malabar Rebellion 1921" എന്ന ഇംഗ്ലീഷ് പുസ്തകം. മലബാർ കലാപത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഇത് പ്രസിദ്ധീകരിച്ചത്. 

ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിക്ക് ഡിസി ബുക്സിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. രണ്ട് പുസ്തകങ്ങളുടെ റോയൽറ്റിയായി 28000 രൂപ എൻ്റെ അക്കൗണ്ടിലേക്ക് അയച്ച വിവരം അറിയിച്ചു. കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ആദ്യത്തെ പുസ്തകം രണ്ട് എഡിഷനും രണ്ടാമത്തേത് ഒരു എഡിഷനും വിറ്റുതീർന്നതായും വിളിച്ചയാൾ പറഞ്ഞു. രണ്ടിൻ്റെയും പുതിയ എഡിഷൻ ഉടൻ അച്ചടിച്ച് വിപണിയിൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എനിക്ക് ആദ്യമായി റോയൽറ്റി കിട്ടിയത് "ചിന്ത പബ്ലിക്കേഷനി"ൽ നിന്നാണ്. നാല് പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിച്ചു. "മലബാർകലാപം ഒരു പുനർവായന" എട്ട് എഡിഷൻ പിന്നിട്ടു."മതം മതഭ്രാന്ത് മതേതരത്വം" നാലാം പതിപ്പായി. ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച "ഉപ്പുപാടത്തെ ചന്ദ്രോദയ"വും ''ഇന്തോനേഷ്യ: ക്ഷേത്രസമൃദ്ധമായ മുസ്ലിംരാജ്യ"വും ആദ്യപതിപ്പുകൾ തീർന്നു. അവരണ്ടും സെക്കൻ്റ് എഡിഷനുള്ള പുറപ്പാടിലാണ്. "ചിന്ത'' വിവിധ സന്ദർഭങ്ങളിലായി 60,000 രൂപ റോയൽറ്റി ഇനത്തിൽ നൽകി. അന്നും ഒരുപാട് ആഹ്ലാദിച്ചു. 

കോളേജ് അദ്ധ്യാപകനായി ആദ്യത്തെ ശമ്പളം കിട്ടിയതിനെക്കാൾ സന്തോഷം പുസ്തകങ്ങളുടെ റോയൽറ്റി ലഭിച്ചപ്പോഴാണ് തോന്നിയത്. പത്ത് പുസ്തകങ്ങൾ ഇതിനകം വെളിച്ചം കണ്ടു. രണ്ടെണ്ണം ഉടൻ പുറത്തിറങ്ങും. 

എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ്. നമ്മൾ മൺമറഞ്ഞാലും ഈ ഭൂമുഖത്ത് നാം ജീവിച്ചിരുന്നു എന്നതിൻ്റെ സാക്ഷ്യപത്രമായി അവശേഷിക്കുക നമ്മുടെ രചനകളും കലാസൃഷ്ടികളും മാത്രമാകും. 

പാർലമെൻ്റെറി പ്രവർത്തനവും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാൻ നന്നേ പാടാണ്. പലപ്പോഴും റഫറൻസിന് സമയം തികയാതെ വരും. ഇനി എല്ലാം വേഗത്തിലാക്കണം. ജീവിതത്തിൻ്റെ സിംഹഭാഗവും പിന്നിട്ടു. നടന്നുതീർത്ത വഴിയോളം വരില്ല താണ്ടാനുള്ള ദൂരം. എല്ലാം ദൈവമല്ലേ നിശ്ചയിക്കുന്നത്? എൻഞ്ചിൻ നിൽക്കുന്നത് വരെ ഓടണം. അവസാന ശ്വാസംവരെയും കർമ്മ നിരതനാകണം. മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണം. അത്രമാത്രം.... ചിന്തയോടും ഡി.സിയോടും ഒരുപാട് സ്നേഹം.

ENGLISH SUMMARY:

KT Jaleel facebook post about D.C. Books