കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് നടത്തില്ലെന്ന നിലപാടില്‍ ഉറച്ച് കേരള സര്‍വകലാശാല വി.സി. ഡോ. മോഹനന്‍ കുന്നുമ്മല്‍. അനര്‍ഹര്‍ സിന്‍ഡിക്കേറ്റില്‍ വരുന്നത് ഒഴിവാക്കാനാണ് വോട്ടെണ്ണാത്തത്. ക്വാട്ട തീരുമാനിക്കാന്‍ കോടതി നിര്‍ദേശം വേണമെന്നും കോടതി പറയുന്നത് പോലെ പ്രവര്‍ത്തിക്കാെമന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.
വോട്ടെണ്ണല്‍ ഇന്ന് നടത്തണമെന്ന് ഇടത് അംഗങ്ങളാണ് ആവശ്യമുന്നയിച്ചത്. ഇത് വി.സി തള്ളിയതോടെ ഇടത് അംഗങ്ങള്‍ ഉപരോധം ആരംഭിച്ചു. സര്‍വകലാശാല കവാടത്തില്‍ എസ്എഫ്ഐയുടെ ഉപരോധവുമുണ്ട്. ഉള്ളിലേക്ക് കടക്കാന്‍ എസ്എഫ്ഐ ശ്രമം നടത്തിയതോടെ പൊലീസുമായി നേരിയ സംഘര്‍ഷമുണ്ടായി. വോട്ടെണ്ണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് അംഗങ്ങളുടെ നിലപാട്. പ്രതിഷേധക്കാരുമായി സമവായത്തിന് റജിസ്ട്രാര്‍ ശ്രമിക്കുന്നുണ്ട്.
അതിനിടെ താന്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നില്ലെന്നും സര്‍വകലാശാലയിലെ കാര്യങ്ങള്‍ അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു സംഘര്‍ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിന്‍റെ പ്രതികരണം.