helicopter-wayanad

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ പറന്നെത്തി ഹെലികോപ്റ്റര്‍. പരുക്കേറ്റവരെ കയറ്റി തിരിച്ചുപറന്നു. രാത്രി എയര്‍ലിഫ്റ്റിങ് സാധ്യമായേക്കില്ലെന്ന് റിട്ട. കോസ്റ്റ് ഗാര്‍ഡ് പൈലറ്റ്  ദേവരാജ് ഇയ്യാനി. സാങ്കേതികം മാത്രമല്ല, എയര്‍ഫോഴ്സ് നടത്തിയത് അതിസാഹസിക ലാന്‍ഡിങ്. രാത്രി ദൗത്യം കരസേനയ്ക്ക് വിപുലമായി തുടരാമെന്നും ദേവരാജ് ഇയ്യാനി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

വയനാട് ദുരന്തത്തില്‍ 106 പേര്‍ മരിച്ചതായി റവന്യൂ വകുപ്പിന്റെ കണക്ക്. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങള്‍ വിട്ടുനല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. അഞ്ചുമന്ത്രിമാരെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിയോഗിച്ചു. എല്ലാ സേനവിഭാഗങ്ങളുടെയും സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. 45 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 3069 ആളുകള്‍ ക്യാംപുകളില്‍.

 

ഉത്തരേമഖല ഐജി, ഡിഐജി , ക്രമസമാധാനവിഭാഗം എഡിജിപി എന്നിവര്‍ക്ക് ചുമതല. പരിശീലനം ലഭിച്ച സംഘങ്ങളുടെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി. 

പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി. പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കാന്‍ നടപടി. ദുരന്തമേഖലയിലേക്ക് ഇരുപതിനായിരം ലീറ്റര്‍ കുടിവെള്ളവുമായി രണ്ട് വാഹനങ്ങള്‍ പുറപ്പെട്ടു. അവധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം. 

വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 30, 31 തീയതികളിലാണ് ഔദ്യോഗിക ദുഖാചരണം. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടണമെന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

പുലര്‍ച്ചെ രണ്ടിനായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. 4.10ന് രണ്ടാമത്തെ ഉരുള്‍പൊട്ടല്‍. മണ്ണിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും വിവിധ കക്ഷിനേതാക്കളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ചുമന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. എല്ലാ സേനവിഭാഗങ്ങളുടെയും സഹായം ലഭ്യമാക്കിയിട്ടുണ്ട്. 45 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി. 

വയനാട്ടില്‍ ഉണ്ടായത് സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ്. നാട് ഉറങ്ങിക്കിടക്കവേയായിരുന്നു ദുരന്തം. രക്ഷാപ്രവര്‍ത്തനത്തിനായി ഒന്നിച്ച് നാട്. മുണ്ടക്കൈയില്‍ ഗുരുതരസാഹചര്യമാണ്. മണിക്കൂറുകള്‍ക്ക് ശേഷം മുണ്ടക്കൈയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തുടങ്ങി. വീടുകള്‍ മണ്ണിനടിയിലാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ തീവ്രശ്രമമാണ്. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചിലാണ്. ഇവിടെ മൂന്നാമതും ഉരുള്‍പൊട്ടല്‍ ഉണ്ടായി. മുണ്ടക്കൈ ടൗണിനെ തുടച്ചുനീക്കി ദുരന്തം. ഏകയാത്രാമാര്‍ഗമായ പാലം ഒലിച്ചുപോയി.