കേരളത്തെ കണ്ണീര്‍ക്കയത്തിലാക്കി വയനാട് മുണ്ടകൈയിലും ചൂരല്‍മലയിലുമായുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ പൊലിഞ്ഞത് 93 ജീവനുകളെന്ന് സര്‍ക്കാരിന്‍റെ പുതിയ കണക്ക്. ദുരന്തത്തില്‍ 98 പേരെ കാണാതായെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, രക്ഷാപ്രവര്‍ത്തനം രാത്രിയിലും തുടരുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. എല്ലാ സേനകളും രക്ഷാപ്രവര്‍ത്തന ദൗത്യത്തിലാണ്. രണ്ട് പാലങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടിയെന്നും ഇനിയും കുറേയാളുകളെ രക്ഷപെടുത്താനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എത്രപേര്‍ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയാനാകാത്ത സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.
ഉറങ്ങിക്കിടക്കവേയാണ് ഉരുള്‍പൊട്ടിയെത്തിയത്. സംസ്ഥാനത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണിത്. 11 മണിക്കൂറിന് ശേഷമാണ് എന്‍ഡിആര്‍എഫിന് മറുകരയിലേക്ക് എത്തിച്ചേരാനായത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് വീടുകളെല്ലാം മണ്ണിനടിയിലാണ്.