ഒരാള്‍ പുഴയില്‍ ഒഴുകുന്നത് കണ്ടെന്നും രക്ഷാസംഘത്തെ വിവരം അറിയിച്ചെന്നുമുള്ള വിവരങ്ങളുമായി മുണ്ടകൈയില്‍ നിന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മുഹമ്മദ് കുഞ്ഞ്. ദുരന്തമുഖത്തെ ആദ്യം കണ്ട ആളുകളില്‍ ഒരാള്‍ എന്ന നിലയ്ക്ക് ഏറെ നിര്‍ണായകമാകുകയാണ് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വെളിപ്പെടുത്തലുകള്‍. രാവിലെ ഏഴുമണിക്ക് അദ്ദേഹം പകര്‍ത്തിയ വിഡിയോയിലും ദുരന്ത ബാധിത പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ കാണാം.
‘മുണ്ടകൈയില്‍ വീടുണ്ടായിരുന്ന സ്ഥലത്ത് ഒന്നും കാണുന്നില്ല. അമ്പലം നിന്നിരുന്ന സ്ഥലത്ത് അമ്പലവുമില്ല. പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. വെള്ളം കുത്തിയൊഴുകുന്നു. പുഴ ഒഴുകുന്നതിന്‍റെ വശങ്ങളും ഇടിഞ്ഞുകൊണ്ടേയിരിക്കുകയാണ്’ അദ്ദേഹം തന്‍റെ വിഡിയോയില്‍ പറയുന്നു.
‘മുണ്ടകൈ ടൗണ്‍ പൂര്‍ണമായും ഒലിച്ചുപോയി. പത്തോളം കടകള്‍ നിന്നിരുന്ന ഇടമാണ്. അവിടെ ഇപ്പോളുള്ളത് പാറകളും മണ്ണും മാത്രമാണ്. ഒരാള്‍ പുഴയില്‍ ചളിയില്‍ പുതഞ്ഞ് നില്‍ക്കുന്നുണ്ട്, അദ്ദേഹം മരിച്ചിട്ടില്ല. രക്ഷാസംഘത്തെ വിവരം അറിയിച്ചു. ഞങ്ങള്‍ക്ക് അവിടെ ഇറങ്ങാന്‍ സാധ്യമില്ല. ഇറങ്ങിയാല്‍ ഞങ്ങളും ഒഴുകിപ്പോകും. പ്രദേശവാസികള്‍ പറയുന്നത് ഒരുപാട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ്. പുഴയില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ എന്തെങ്കിലും സംവിധാനം വേണം. നമുക്കൊന്നും ഇറങ്ങാന്‍ പറ്റുന്നില്ല’, മുഹമ്മദ് കുഞ്ഞ് മനോരമ ന്യൂസിനോട് പറഞ്ഞു.
പാലം തകര്‍ന്നതിനാല്‍ താനും മുണ്ടകൈയില്‍ തന്നെയാണ്. രക്ഷാസേന താല്‍ക്കാലിക പാലം നിര്‍മിക്കുന്നതായാണ് വിവരം. അതുണ്ടാക്കിയാലേ തനിക്കും പുറത്തേക്ക് വരാന്‍പറ്റൂ എന്നും അദ്ദേഹം പറയുന്നു.
അതേസമയം, ദുരന്തത്തില്‍ 31 പേര്‍ മരിച്ചു. മുണ്ടകൈയ്ക്ക് രണ്ടു കിലോമീറ്റര്‍ അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങളാണ് ഒഴുകിയെത്തിയത്. ചാലിയാറിലെ മുണ്ടേരിയിലും പോത്തുകല്ലിലും നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങള്‍ ഒഴുകിപ്പോകുന്നത് കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. മുണ്ടകൈ പുഴ ഒഴുകിയെത്തുന്നത് മുണ്ടേരി വഴി ചാലിയാറിലേക്കാണ്. ദുരന്തത്തില്‍ മരണസംഖ്യ ഏറുകയാണ്.
മൂന്നു തവണയാണ് വയനാട് മുണ്ടകൈയിലും ചൂരൽമലയിലും ഉരുള്‍പൊട്ടിയത്. നൂറുകണക്കിന് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. 2019ല്‍ ഉരുള്‍പൊട്ടിയ പുത്തുമലയ്ക്ക് 1.5. കി.മീ. അകലെയാണ് രണ്ടു സ്ഥലങ്ങളും. 250 പേരാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി കേരളം സഹായം തേടിയതായി സൈന്യം അറിയിച്ചു. 138 അംഗ സേന മുണ്ടകൈയിലേക്ക് തിരിച്ചു. നാല് എന്‍ഡിആര്‍എഫ് സംഘങ്ങളും എത്തും. കൂനൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും. താല്‍ക്കാലിക പാലം നിര്‍മിക്കും
മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ട പരിഹാരം നല്‍കും. സംസ്ഥാനത്തെ അഞ്ച് മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിച്ചു. ജില്ലാ അധികൃതര്‍ മുണ്ടകൈയുടെ തൊട്ടടുത്ത് എത്തിയതായി റവന്യൂ മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍: 9656938689, 8086010833