വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം.വിജയനും മകനും ജീവനൊടുക്കിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയുടെയും എന്‍.ഡി.അപ്പച്ചന്‍റെയും അറസ്റ്റാണ് വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തട‍ഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കണക്കിലെടുത്താണ് കോടതിയുടെ വാക്കാലുള്ള നിര്‍ദേശം. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 

എൻ.എം വിജയന്റെ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഐ.സി.ബാലകൃഷ്ണനെയും എന്‍.ഡി.അപ്പച്ചനെയും, കെ.കെ. ഗോപിനാഥനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഐ.സി.ബാലകൃഷ്ണനും എന്‍.ഡി.അപ്പച്ചനും കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയിലും കെ.കെ.ഗോപിനാഥന്‍ ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യം തേടി. മൂവരുടെയും മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. 

ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്നാണ് വിജയൻ തന്‍റെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. നിയമനത്തിന് പണം വാങ്ങിയത് എംഎൽഎ ആണെന്ന് ആരോപിക്കുന്ന കത്തിൽ ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. പ്രശ്നമായപ്പോള്‍ ആരും സഹായിച്ചില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.