chooralmala-landslide

ഓഗസ്റ്റിലേക്ക് ഒരു ദിവസത്തിന്‍റെ മാത്രം ദൂരം. പുത്തുമലയ്ക്കും പെട്ടിമുടിക്കും കവളപ്പാറയ്ക്കും ശേഷം കേരളം വീണ്ടുമൊരു ഉരുള്‍പൊട്ടല്‍ ദുരന്തവാര്‍ത്ത കേട്ട് ഉണര്‍ന്ന ജൂലൈ അവസാനത്തിലെ പ്രഭാതം. മണ്ണിനോട് മല്ലിട്ട് സ്വപ്നങ്ങള്‍ മുളപ്പിക്കുന്ന മനുഷ്യര്‍ക്കുമേല്‍ പ്രകൃതി ഉരുളായി പതിക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കുകയാണ് വീണ്ടും നമ്മള്‍.  മുമ്പെങ്ങുമില്ലാത്ത വിധമാണ് ഓരോവര്‍ഷവും മലകള്‍ പൊട്ടിയിറങ്ങി മനുഷ്യര്‍ക്കുമേല്‍ പതിക്കുന്നതിന് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. അവയില്‍ ഒട്ടുമിക്കതും ജൂലൈ–ഓഗസ്റ്റ് മാസങ്ങളില്‍ എന്നത് മറ്റൊരു യാഥാര്‍ഥ്യം. ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളും മരണങ്ങളും കണ്ട് വിറങ്ങലിച്ചതാണ് 2019ലെ ഓഗസ്റ്റ്. ഇപ്പോള്‍ മറ്റൊരു ഓഗസ്റ്റ് തൊട്ടടുത്തെത്തുമ്പോള്‍ വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടകൈയിലും ചരിത്രം ആവര്‍ത്തിക്കുന്നു.

kavalappara-landslide

സംസ്ഥാന സർക്കാരിന്‍റെ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാന്‍ 2016ലെ കണക്കു പ്രകാരം കേരളത്തിൽ 1961നും 2016നും ഇടയിലുണ്ടായ ഉരുൾപൊട്ടൽ അപകടങ്ങളിൽ മരിച്ചത് 295 പേരാണ്. ഈ കാലയളവിൽ ഉണ്ടായ വലിയ ഉരുൾപൊട്ടലുകൾ 85. 1958 ഓഗസ്റ്റിൽ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1974 ജൂലൈ 26ന് അടിമാലിയില്‍ മലഞ്ചെരിവ് പൊട്ടിയിറങ്ങി 33 പേരുടെ ജീവനെടുത്തു. 2001ൽ അമ്പൂരിയിൽ മണ്ണോടുചേര്‍ന്നത് 38 പേര്‍. 2012 ഓഗസ്റ്റ് ആറിന് കോഴിക്കോട് പുല്ലൂരാംപാറയിലാണ് കേരളത്തെ ഞെട്ടിച്ച മറ്റൊരു ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അന്ന് ഒരു മണിക്കൂറിനിടെ 36 ഉരുള്‍പൊട്ടലുകളാണ് പുല്ലൂരാംപാറയില്‍ സംഭവിച്ചത്. എട്ടുജീവനുകള്‍ക്കൊപ്പം ഒരു കുടിയേറ്റ ഗ്രാമത്തിന്‍റെ തലമുറകളുടെ സമ്പാദ്യവും അധ്വാനവും മണ്ണിലൊലിച്ചുപോയി.

puthumala-landslide

2019 ഓഗസ്റ്റ് 8നായിരുന്നു വയനാട് പുത്തുമല ദുരന്തം. ഒരു ഗ്രാമത്തെയൊന്നാകെ വിഴുങ്ങിയ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 17 പേര്‍ അകപ്പെട്ടു. കണ്ടെത്തിയത് 12 മൃതദേഹങ്ങള്‍. 53 വീടുകൾ ഒലിച്ചുപോയി. ഇതേവര്‍ഷം മലപ്പുറം നിലമ്പൂര്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടല്‍ സംസ്ഥാനത്ത് അതുവരെയുണ്ടായ മരണക്കണക്കുകളെ മറികടന്നു. ഓഗസ്റ്റ് 8ന് കവളപ്പാറ മുത്തപ്പൻ കുന്നിടിഞ്ഞുണ്ടായ ദുരന്തത്തിൽ 59 പേരാണ് മരിച്ചത്. തൊട്ടടുത്ത വര്‍ഷം 2020ഓഗസ്റ്റ് ആറിന് രാത്രി 10.30നുണ്ടായ ഉരുൾപൊട്ടലില്‍ പെട്ടിമുടിയിലെ മൂന്ന് ലയങ്ങളിലായി ഉറങ്ങിക്കിടന്ന 70 പേര്‍ മണ്ണിനടിയിലായി.

pettimudi-landslide

2018ലെ മഹാപ്രളയകാലത്ത് കേരളത്തില‍് ചെറുതും വലുതുമായ അയ്യായിരത്തോളം മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മൂവായിരത്തിലേറെ ഇടുക്കി, വയനാട് ജില്ലകളിലായിരുന്നു. ഉരുള്‍പൊട്ടിയുണ്ടായ ദുരന്തങ്ങളില്‍ മാത്രം 155 പേര്‍ മരിച്ചു. കേരളത്തിലെ 1848 ചതുരശ്രകിലോമീറ്റർ പ്രദേശം ഉരുൾപൊട്ടല്‍ സാധ്യത വളരെക്കൂടിയതാണെന്നാണ് ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിന്‍റെ വിലയിരുത്തൽ. സൂചനകള്‍ തരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതുമാത്രമാണ് അതിജീവനത്തിനുള്ള ഏക പോംവഴി. കറുത്ത ജൂലൈകളും ഓഗസ്റ്റുകളും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇപ്പോഴത്തെ മുന്‍കരുതലുകളുടെ ഫലപ്രാപ്തി എത്രത്തോളമെന്നാണ് ഗൗരവമായി ചിന്തിക്കേണ്ടത്.

ENGLISH SUMMARY:

July and August; The dark months of the landslide