ഉരുൾപൊട്ടൽ തകർന്ന ചൂരൽമല വെള്ളാർമല സ്കൂളും എട്ടു മാസത്തിനിപ്പുറം ഉയർത്തെഴുന്നേൽപ്പിന്റെ ഘട്ടത്തിലാണ്. സ്കൂളിനുള്ള പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം നാളെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. 3 കോടി ചെലവഴിച്ച് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത്.
ജൂലൈ 30 ന് മുണ്ടകൈയും ചൂരൽമലയും അടർന്നു പോയ ദുരന്തത്തിൽ വെളളാർമല സ്കൂളും തകർന്നിരുന്നു. ഒപ്പം സ്കൂളിലെ 33 കുട്ടികളെയും ഉരുളെടുത്തു.
എട്ടു മാസങ്ങൾക്കിപ്പുറം പുതിയ വെളളാർമല സ്കൂളിന്റെ ആദ്യ ഘട്ടം നാളെ ഉദ്ഘാടനം ചെയ്തു കൈമാറും. മേപ്പാടി സ്കൂളിനോട് ചേർന്നാണ് കെട്ടിടം. 12 ക്ലാസ് മുറികളുണ്ട്. 6 എണ്ണം പൂർത്തിയാക്കിയാണ് നാളെ കൈമാറുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഏറ്റുവാങ്ങും.
റെക്കോർഡ് വേഗത്തിലായിരുന്നു നിർമാണം. നിലവിൽ താൽകാലിക ക്ലാസ് മുറികളിൽ കഴിയുന്ന 550 വിദ്യാര്‍ഥികൾക്ക് അടുത്ത അധ്യായന വർഷം മുതൽ സ്വന്തം കെട്ടിടത്തിലേക്ക് മാറാം.