ഉരുളെടുത്ത വിധിയെ മൈലാഞ്ചി ചുവപ്പ് കൊണ്ട് തോൽപ്പിച്ച കൊച്ചു സംരംഭകയുണ്ട് വയനാട്ടിൽ. മുണ്ടകൈകാരിയായ പതിനെട്ടുകാരി നസ്ല ഷെറിൻ. സ്വന്തമായി മൈലാഞ്ചി ബ്രാൻഡ് ഉണ്ടാക്കി വില്പന നടത്തി വരികയാണ് ഈ പ്ലസ്ടുകാരി. സർവതും തകർന്നിടത്തു നിന്ന് മൈലാഞ്ചി കരുത്തിൽ ജീവിതത്തിലേക്ക് തിരികെ വരുന്ന നസ്‌ലയേയും നസ്ലയുടെ മൈലാഞ്ചിയെ പറ്റിയും കാണാം..
മൈലാഞ്ചി ഇട്ടു കൊടുക്കുന്ന ഈ 18 കാരി നസ്‌ലയെ പറ്റിയാണ് പറയാനുള്ളത്. ഉരുള്‍പ്പൊട്ടല്‍ നസ്ലക്കു നഷ്ടമാക്കിയത് ഉറ്റവരായ മുപ്പത് പേരെ. ഓടി രക്ഷപ്പെട്ടതിനാൽ അപകടത്തിൽ പെട്ടില്ല. സാമ്പത്തികമായി ഭേദപ്പെട്ട നിലയിലായിരുന്ന നസ്‍ലയുടെ കുടുംബത്തിനു ഒറ്റ ദിവസം കൊണ്ട് കുടുസുമുറിയിലേക്ക് മാറേണ്ടിവന്നു. സാമ്പത്തികമായി ഞെരുക്കത്തിലായി. പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ച പിതാവ് നജ്‍മുദ്ദീനു വീണ്ടും ഗൾഫിലേക്ക് മടങ്ങേണ്ടി വന്നു. കുടുംബത്തിനായി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ നസ്ലയെ ഇന്നൊരു സംരംഭകയാക്കി
മൈലാഞ്ചി ചുവപ്പാണ് നസ്ലയുടെ ഹൈലൈറ്റ്, മൂന്നു മാസം മുമ്പ് തുടങ്ങിയ ഉദ്യമത്തിനു ദി ഹെന്നയിസ്റ്റ് എന്ന് പേരിട്ടു. മങ്ങി പോയ ജീവിതത്തിനു അന്നുമുതൽ നിറം വെച്ചു തുടങ്ങി. കൽപ്പറ്റ തുര്‍ക്കിയിലെ വാടകവീട്ടിൽ ചെറിയ സൗകര്യത്തിലാണ് നിർമാണം. രാവും പകലും അധ്വാനിക്കും. ഇൻസ്റ്റാഗ്രാം വഴി ഓർഡർ എടുത്താണ് വില്പന. കേരളത്തിൽ മിക്കയിടത്തേക്കും ഇന്ന് നസ്‌ല യുടെ മയിലാഞ്ചിക്കൂട്ട് എത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷമുള്ള ആദ്യ പെരുന്നാളാണ്. കുറേ ആവശ്യക്കാർ വരുന്നുണ്ട്. പ്രതിസന്ധിയെ നേരെ നിന്ന് പൊരുതിയ നസ്ല ഇന്നു കുടുംബത്തിന്റെ താങ്ങാണ്. പ്രതീക്ഷയാണ്. നസ്ലയുടെ മൈലാഞ്ചിക്കെന്താ പ്രത്യേകത എന്ന് ചോദിച്ചേക്കാം. വിധിയെ പരാജയപ്പെടുത്തിയുള്ള ഈ മൈലാഞ്ചിക്കൂട്ടിനൽപ്പം ചുവപ്പും സൗന്ദര്യവും കൂടും അതു തന്നെയാണ് പ്രത്യേകത.