TOPICS COVERED

പുഴയിലെ ചെളിയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തി. ചൂരല്‍മലയിലെ ദുരന്തവാര്‍ത്തക്ക് പിന്നാലെ ചെളിയില്‍ പുതഞ്ഞ് കിടക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ ആശങ്ക പടര്‍ത്തിയിരുന്നു. ദുരന്തത്തിനിടെയിലും രക്ഷാസംഘം യുവാവിനെ രക്ഷിച്ച വാര്‍ത്ത ആശ്വാസമാവുകയാണ്. 

മുണ്ടകൈയില്‍ നിന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മുഹമ്മദ് കുഞ്ഞാണ് ചെളിയില്‍ പുതയുന്ന യുവാന്‍റെ ദൃശ്യങ്ങള്‍ പുറത്തെത്തിച്ചത്. രാവിലെ ഏഴുമണിക്ക് അദ്ദേഹം പകര്‍ത്തിയ വിഡിയോയില്‍ ദുരന്ത ബാധിത പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ കാണാം.

ഒരാള്‍ പുഴയില്‍ ചളിയില്‍ പുതഞ്ഞ് നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം മരിച്ചിട്ടില്ലെന്നുമുള്ള വിവരം മുഹമ്മദ് കുഞ്ഞ് രക്ഷാസംഘത്തെ അറിയിച്ചിരുന്നു. തങ്ങള്‍ക്ക് അവിടെ ഇറങ്ങാന്‍ സാധ്യമല്ലെന്നും ഇറങ്ങിയാല്‍ ഒഴുകിപ്പോകുമെന്നും മുഹമ്മദ് കുഞ്ഞ് നിസഹായതയോടെ പറഞ്ഞിരുന്നു. 'പ്രദേശവാസികള്‍ പറയുന്നത് ഒരുപാട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ്. പുഴയില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ എന്തെങ്കിലും സംവിധാനം വേണം. നമുക്കൊന്നും ഇറങ്ങാന്‍ പറ്റുന്നില്ല’, മുഹമ്മദ് കുഞ്ഞ് മനോരമ ന്യൂസിനോട് പറഞ്ഞു. 

അതേസമയം 11 മണിക്കൂറിന് ശേഷം ഉരുള്‍പ്പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തി. മുണ്ടകൈയിലേക്ക് ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതോടെ രക്ഷാസംഘം മറുകരയിലെത്തിയത് അതിസാഹസികമായാണ്.