വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം അതിദുഷ്കരം. ചുരള്‍മല പാലം തകര്‍ന്നതോടെ മുണ്ടകൈ ഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തര്‍ക്ക് എത്താനാകുന്നില്ല. അതേസമയം കുത്തിയൊഴുകുന്ന പുഴയില്‍ വടംവലിച്ചുകെട്ടി ദേശിയ ദുരന്ത നിവാരണ സേനാംഗം മുണ്ടകൈ ഭാഗത്തെത്തി. നേരത്തെ പാലമുണ്ടായിരുന്ന ഭാഗത്ത് 100 മീറ്റര്‍ ദൂരത്തില്‍ റോപ്പ് വലിച്ചുകെട്ടിയാണ് സേനാംഗം പുഴകടന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനായിരുന്ന നേരത്തെ പദ്ധതി. എന്നാല്‍ സൈന്യം വരുന്നത് വരെ കാത്തിരുന്നാല്‍ മുണ്ടകൈയില്‍ സഹായം കാത്തിരിക്കുന്നവര്‍ക്ക് അപകടമുണ്ടാകുന്ന തോന്നലിലാണ് എന്‍ഡിആര്‍എഫ് സംഘം റിസ്കെടുത്തത്. പാലം ഉണ്ടായ കുറുകെ കെട്ടിയ റോപ്പിലൂടെ ഒരു സേനാംഗം മറുകരയിലെത്തി. ഉരുള്‍പൊട്ടലില്‍ പാലം ഒലിച്ചുപോയതിനാല്‍ ഈ ഭാഗത്ത് ഒരു മണ്‍തിട്ടമാത്രമാണുള്ളത്. ഈ രീതിയില്‍ 50 ഓളം സേനാംഗങ്ങളെ മുണ്ടകെ ഭാഗത്ത് എത്തിക്കാനാണ് നീക്കം. മറുകരയിലെത്തിയാല്‍ മാത്രമെ മുണ്ടകൈ ഭാഗത്തെ സ്ഥിതി അറിയാന്‍ സാധിക്കുകയുള്ളൂ.
ശക്തമായ മഴയും നേരിയ മൂടല്‍ മഞ്ഞും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഹെലികോപ്പറ്റര്‍ എത്തിയെങ്കിലും കാലാവാസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഇറങ്ങാതെ തിരികെ പോയി.
മുണ്ടകൈ ചൂരൽമലയിലാണ് മൂന്നുതവണ ഉരുള്‍പൊട്ടിയത്. വീടുകളും സ്കൂളും തകര്‍ന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ചൂരല്‍മലയില്‍ ഏഴരയോടെ വീണ്ടും ഉരുള്‍പൊട്ടിയെന്ന് സംശയം. രക്ഷാപ്രവര്‍ത്തകരെ ഒഴിപ്പിച്ചു, വെള്ളം കുത്തിയൊഴുകാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. വീടുകളിൽ വെള്ളവും ചെളിയും കയറി. നാനൂറിലധികം പേര്‍ ഒറ്റപ്പെട്ടു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നു. 2019ല്‍ ഉരുള്‍പൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരല്‍മല. താമരശേരി ചുരത്തില്‍ നാലാം വളവില്‍ മണ്ണിടിഞ്ഞ് വയനാട്ടിലേക്ക് ഗതാഗതം തടസപ്പെട്ടു.