വയനാട്ടിൽ ദുരന്ത ബാധിതർക്ക് പുഴുവരിച്ച അരി നൽകിയ വിഷയം പ്രചരണായുധമാക്കി എൽ.ഡി.എഫ്. മേപ്പാടി പഞ്ചായത്തിന്റെ വീഴ്ചയെന്നാരോപിച്ച് മണ്ഡലത്തിലുടനീളം പ്രചരണം ശക്തമാക്കി. പ്രതിരോധം തീർത്ത് യുഡിഎഫ്.
തിരെഞ്ഞെടുപ്പ് ചൂടിനിടെ വീണു കിട്ടിയ ആയുധം നന്നായി ഉപയോഗിക്കുകയാണ് എൽ.ഡി. എഫ്. ഇന്നലെ ഒരു പകൽ മുഴുവൻ പ്രതിഷേധ ചൂടിൽ അലയടിച്ച വിവാദം തിരെഞ്ഞെടുപ്പ് ദിവസം വരെ സജീവമാക്കി നിർത്താനുള്ള ശ്രമം. പുതിയ അരി ഗോടൗണിൽ ഉണ്ടായിട്ടും പുഴുത്ത അരി വിതരണം ചെയ്തത് ഗുരുതര അലംഭാവമായി കാണുന്ന മുന്നണി പരാതിയും നൽകി. ഇന്ന് രാവിലെ ദുരന്ത ബാധിതരെ സന്ദർശിച്ച എൽ. ഡി. എഫ് സ്ഥാനാർഥി സത്യൻ മൊകേരി ദുരന്ത ബാധിതരോട് കാണിച്ചത് കൊടും ക്രൂരതയാണെന്നാരോപിച്ചു.
വിഷയത്തിൽ മേപ്പാടി പഞ്ചായത്ത് ഭരണ സമിതി പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി, പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെ വീഴ്ചയെന്നാരോപിച്ച് യു.ഡി.എഫും പ്രതിരോധിക്കുന്നുണ്ട്. ഏതായാലും കിറ്റ് വിവാദം കത്തിയതോടെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചർച്ചക്കും ചൂടു പിടിച്ചു.