കേരളത്തെ നടുക്കിയ മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പൊട്ടല്‍ സംഭവിക്കുമ്പോള്‍ കുട്ടികളെക്കൂടാതെ മുണ്ടക്കൈയിലുണ്ടായിരുന്നത് 860 പേരെന്ന് പഞ്ചായത്ത് അംഗം. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും വേറെയുണ്ടാവും. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടെന്നും ജീവന്റെ കണികയുണ്ടായിരുന്നവരെ പോലും മാറ്റിയെന്നും മെംബര്‍ കെ.ബാബു പറയുന്നു.
അട്ടമലയില്‍ പത്ത് കുടുംബങ്ങള്‍ അകപ്പെട്ടതായി മെംബര്‍ സുകുമാരനും പറയുന്നു. ചെളി കയറിയ റോഡില്‍ കൂടി വരാനാവില്ല, രോഗികളുണ്ട്, ഉടന്‍ ഒഴിപ്പിക്കണം. മൃതദേഹങ്ങളും ഉടന്‍ കണ്ടെടുക്കണമെന്ന് അട്ടമല വാര്‍ഡ് അംഗം. ചൂരല്‍മലയില്‍ ഇനിയും 20 പേരെ കണ്ടെത്താനുണ്ടെന്ന് വാര്‍ഡ് അംഗം സുകുമാരന്‍ പറഞ്ഞു. നാഗമലയിലെ എസ്റ്റേറ്റില്‍ 12 പേര്‍ കുടുങ്ങിയെന്ന് നാട്ടുകാരന്‍ രായിന്‍. മുണ്ടക്കൈയില്‍ 150 വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നെന്ന് മേപ്പാടി പഞ്ചാ. സെക്രട്ടറിയും വ്യക്തമാക്കി.
ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉറ്റവര്‍ക്കായി കണ്ണീരോടെ കാത്തിരിക്കുകയാണ് ദുരിതാശ്വാസ ക്യാംപുകളില്‍ ബന്ധുക്കള്‍. 4 സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലുള്ളത്. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് മുറിക്കാനുള്‍പ്പെെട ഉപകരണങ്ങളും ആവശ്യമാണ്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും.
അതേസമയം, മരണം 150 ആയി. 143 മൃതദേഹങ്ങളുെട പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. 48 പേരെ തിരിച്ചറിഞ്ഞു. 91 പേരെ കണ്ടെത്തിയിട്ടില്ല. 191 പേര്‍ ചികില്‍സയിലുണ്ട്. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 60 മൃതദേഹങ്ങളാണ്.