വയനാട് ഉരുള്‍പൊട്ടലില്‍ 250 മരണം. ഇരുന്നൂറിലധികംപേരെ കാണാതായി.മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് എത്തിച്ചത് 27 മൃതദേഹങ്ങള്‍. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇന്ന് കണ്ടെടുത്തത് 58 മൃതദേഹങ്ങള്‍. മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കാണ്. ജലനിരപ്പുയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സൈന്യം ഇന്നലെ തയാറാക്കിയ നടപ്പാലം മുങ്ങി. നിര്‍ത്തിവച്ച ബെയ്‍ലി പാലത്തിന്‍റെ നിര്‍മാണം വീണ്ടും തുടങ്ങി. മുണ്ടക്കൈയില്‍ തിരച്ചില്‍ ദുഷ്ക്കരമാക്കി മഴയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉറ്റവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണും പാറയും കോണ്‍ക്രീറ്റ് പാളികളും തിരച്ചില്‍ ദുഷ്ക്കരമാക്കുന്നുണ്ട്. പുഴയ്ക്കുകുറുകെ ബെയ്‍ലി പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്ന് മണ്ണുമാന്തിയന്ത്രങ്ങള്‍ പുഴയിലൂടെ അക്കരെയെത്തിച്ചു.
ഉരുള്‍പൊട്ടലിനെക്കുറിച്ച് കേരളത്തിന് രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍. നടപടിയെടുത്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയില്‍ . കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. കേരള സര്‍ക്കാര്‍ എന്തുചെയ്തെന്നും എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ലെന്നും അമിത് ഷാ ചോദിച്ചു.
അമിത്ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തിനുമുന്‍പ് വയനാട്ടില്‍ റെഡ് അലര്‍ട്ട് കിട്ടിയിരുന്നില്ല. 29ന് ഉച്ചയ്ക്ക് നല്‍കിയ അലര്‍ട്ടില്‍ പോലും ഒാറഞ്ച് അലര്‍ട്ട് മാത്രം. ദുരന്തം ഉണ്ടായശേഷമാണ് റെഡ് അലര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉരുൾപൊട്ടലിൽ അകപ്പെട്ടവർക്കായുള്ള ചാലിയാർ തീരത്തെ തിരച്ചിൽ കനത്ത മഴയിലും തുടരുകയാണ്. നാൽപ്പതിലേറെ മൃതദേഹങ്ങളും നാൽപ്പത്തി അഞ്ചിലേറെ മൃതദേഹ ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. കൂടുതൽ മൃതദേഹ ഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്നുവെന്ന് രക്ഷാ പ്രവർത്തകർ. സ്വന്തം ജീവൻ പോലും പണയം വച്ചാണ് യുവാക്കൾ കാണാതായവർക്കായി ചാലിയാറിൽ തിരച്ചിൽ തുടരുന്നത്.