കേരളത്തെ പിടിച്ചുലഞ്ഞ മുണ്ടകൈ- ചൂരല്‍ മല ഉരുള്‍പ്പോട്ടലില്‍ നാട് വയനാടിനൊപ്പം. പകല്‍ വെട്ടം വീണാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് രക്ഷാപ്രവര്‍ത്തകരും. ഇന്നലെ രാത്രി വെളിച്ചം പൂര്‍ണമായും ഇല്ലാതായതോടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. നാട് നടുങ്ങിയ ദുരന്തത്തിലും തളരാതെ കൈകോര്‍ത്തുപിടിച്ച് അതീജീവിക്കുകയാണ് വയനാടന്‍ ജനത. വയനാടിനായ് സഹായങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്.

കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴുമണിയോടെ പുനരാംരഭിക്കും. സൈന്യം, എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവര്‍ ഒത്തൊരുമിച്ചാണ് രക്ഷാപ്രവര്‍ത്തനം. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. പുഴയിലെ ഒഴുക്ക് കുറയുമെന്നാണ് പ്രതീക്ഷ. താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം ഉച്ചയ്ക്ക് തുടങ്ങും. ചെറിയ മണ്ണുമാന്തിയന്ത്രത്തിന് ഉള്‍പ്പെടെ പോകാന്‍ സാധിക്കുന്ന പാലമാണ് നിര്‍മിക്കുക.

ദുരന്തം പിടികൂടിയപ്പോളും വയനാടിന് കാവലായി കേരളം കൈകോര്‍ക്കുകയാണ്. വിവിധ ഇടങ്ങളില്‍ നിന്ന് സഹായം വയനാട്ടിലേക്കെത്തുകയാണ്. ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ജില്ലാ കളക്ടറും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധ്യനങ്ങളാണ് ആവശ്യം. ഇവ നല്‍കാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കളക്ടര്‍ അറിയിച്ചു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. സഹായം എത്തിക്കാന്‍ സന്നദ്ധതയുള്ളവര്‍ 8848446621 എന്ന നമ്പറില്‍ ബന്ധപ്പെടണം. വിവിധ ജില്ലകളില്‍ കളക്ഷന്‍ പോയന്‍റുകളും ആരംഭിച്ചിട്ടുണ്ട്.