സംസ്ഥാനത്തിന്‍റെ നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങളായി മാറുകയാണ് വയനാട് മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പൊട്ടലിന്‍റെ ഓരോ ദൃശ്യങ്ങളും. പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി വരുന്നതു മുതല്‍ അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന കാഴ്ചകള്‍ വരെയാണ് മുണ്ടക്കൈയില്‍ ദുരന്തബാക്കിയായി അവശേഷിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടത് കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്നത് കാഴ്ചയായിരുന്നു എന്നാണ് പഞ്ചായത്ത് മെംബര്‍ കെ.ബാബു പറയുന്നത്. രാത്രി വരെ ദുരന്ത മുഖത്ത് ഉണ്ടായിരുന്നുവെന്നും കുടുങ്ങിക്കിടന്ന ഇരുന്നോറോളം പേരെ ക്യാംപുകളിലേക്ക് മാറ്റിയെന്നും ബാബു പറയുന്നു. ജീവന്റെ കണികയുണ്ടായിരുന്നവരെ പോലും മാറ്റിയിട്ടുണ്ട്. മൃതശരീരങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ല. ഇപ്പോളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കു‌കയാണ്. ഏറെ ദയനീയമായ കാഴ്ചകളാണ് ദുരന്ത മുഖത്ത് കണ്ടതെന്നും ബാബു പറഞ്ഞു നിര്‍ത്തുന്നു. ചൂരല്‍ മല ഉരുള്‍പൊട്ടല്‍ സംഭവിക്കുമ്പോള്‍ കുട്ടികളെക്കൂടാതെ മുണ്ടക്കൈയിലുണ്ടായിരുന്നത് 860 പേരാണ്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും വേറെയുണ്ടാവും. 

അതേസമയം, ദുരന്തത്തില്‍ മരണം 150 ആയി. 143 മൃതദേഹങ്ങളുെട പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. 48 പേരെ തിരിച്ചറിഞ്ഞു. 91 പേരെ കണ്ടെത്തിയിട്ടില്ല. 191 പേര്‍ ചികില്‍സയിലുണ്ട്. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 60 മൃതദേഹങ്ങളാണ്.

ENGLISH SUMMARY:

Wayanad Landslide; Panchayat member shared the horrible scenes he saw during the rescue operation.