മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പേ മുണ്ടക്കൈയിലെ അവസ്ഥ വ്യക്തമാക്കി മനോരമ ന്യൂസിന്‍റെ വാര്‍ത്ത പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടില്‍ മലയില്‍ ഉരുള്‍പൊട്ടിയതായും ആ വെള്ളമാണ് കുത്തിയൊഴുകുന്നതെന്നും സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ നാട്ടുകാരന്‍ രാമസ്വാമി പറയുന്നു.
മുണ്ടക്കൈയിൽ അതിതീവ്രമഴയായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോളും. മുണ്ടക്കൈ പുഴ കരകവിഞ്ഞതോടെ നിരവധി വീടുകളിൽ വെള്ളം കയറിയതായും വെള്ളരിമല, ചൂരൽ മല, കശ്മീർ ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് നാടിനെ നടുക്കി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടുന്നത്.
രാത്രി മൂന്നുമണിക്ക് തുടങ്ങിയ മഴയാണെന്നും ഇതുവരെ നിന്നിട്ടില്ല, രാത്രിയെല്ലാരും അങ്ങോട്ടുമിങ്ങോട്ടും ടോര്‍ച്ച് തെളിച്ച് നോക്കുകയായിരുന്നു. പാലം മൂടിയിട്ടാണ് വെള്ളം പോയത്. മുകളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. ആ വെള്ളമാണ് വരുന്നത്. ഇവിടെ നിക്കാന്‍ പറ്റില്ല ഞങ്ങള്‍ സ്കൂളിലേക്ക് പോകുകാണെന്നും നാട്ടുകാരന്‍ രാമസ്വാമി പറയുകയും ചെയ്തിരുന്നു.
നിറഞ്ഞൊഴുകുന്ന മുണ്ടക്കൈ പുഴയുടെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്. അതിശക്തമായി വെള്ളം കുത്തിയൊഴുകുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. സമയം പോകുന്തോറും കൂടുതല്‍ രൗദ്രഭാവമാണ് പുഴ കൈവരിച്ചുകൊണ്ടിരുന്നത്. പുഴയുടെ കരയിലുള്ളവര്‍ക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. കുത്തിയൊഴുകുന്ന വെളളത്തോടൊപ്പം വന്‍തോതില്‍ പാറക്കല്ലുകളും മരങ്ങളും ഒലിച്ചുവന്നുകൊണ്ടിരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 200 മില്ലീമീറ്റര്‍ മഴയാണ് അന്ന് ആകെ പെയ്തിരുന്നത്.
മുണ്ടക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്നായിരുന്നു സമീപവാസികൾക്ക് ജാഗ്രത നിർദേശം നൽകിയത്. മഴയെ തുടർന്ന് വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല, മുണ്ടക്കൈ യുപി സ്കൂളുകൾക്ക് അവധിയും നല്‍കിയിരുന്നു. പിന്നാലെ രാത്രിയിലാണ് ദുരന്തം ഇരച്ചെത്തിയത്.
അതേസമയം, ദുരന്തത്തില്‍ മരണം 163 ആയി. 85 പേരെ കണ്ടെത്തിയിട്ടില്ല. മുണ്ടക്കൈയില്‍ നിന്ന് ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 143 മൃതദേഹങ്ങളുെട പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. 191 പേര്‍ ചികില്‍സയിലാണ്. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളാണ്. കുട്ടികളെക്കൂടാതെ മുണ്ടക്കൈയിലുണ്ടായിരുന്നത് 860 പേരെന്നാണ് പഞ്ചായത്ത് അംഗം പറയുന്നത്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും വേറെ. ചൂരല്‍മലയില്‍ ഇനിയും 20 പേരെ കണ്ടെത്താനുണ്ടെന്ന് വാര്‍ഡ് അംഗം സുകുമാരനും നാഗമലയിലെ എസ്റ്റേറ്റില്‍ 12 പേര്‍ കുടുങ്ങിയെന്ന് നാട്ടുകാരന്‍ രായിനും പറയുന്നു. മുണ്ടക്കൈയില്‍ 150 വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നെന്ന് മേപ്പാടി പഞ്ചാ. സെക്രട്ടറിയും വ്യക്തമാക്കി.