cmdrf-explainer-kerala
  • സി.എ.ജി ഓഡിറ്റിന് വിധേയം
  • വിവരാവകാശ നിയമ പ്രകാരം വരവ് ചെലവ് കണക്കുകള്‍ ലഭ്യം
  • നല്‍കുന്ന തുകയ്ക്ക് ആദായനികുതി ഇളവ്

രുളെടുത്ത വയനാട്ടിലെ ഗ്രാമങ്ങളെ പുനര്‍നിര്‍മിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ഥിച്ചായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകളും നിറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രവര്‍ത്തനം എങ്ങനെ? വിശദാംശങ്ങള്‍ അറിയാം

ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ളതാണ് സിഎംഡിആര്‍എഫ് അക്കൗണ്ട്. രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ആണ് ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി. ധനകാര്യ സെക്രട്ടറിയുടെ പേരിലാണെങ്കിലും അക്കൗണ്ടിന്‍റെ പൂര്‍ണ നിയന്ത്രണം റവന്യൂ വകുപ്പിനാണ്. തിരുവനന്തപുരത്തെ എസ്‌‌ബി‌‌‌ഐ മെയിന്‍ ബ്രാഞ്ചിലാണ് ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ എത്തുന്നത്.  ഇതില്‍നിന്ന് പണം പിന്‍വലിക്കാന്‍ ധനകാര്യ സെക്രട്ടറിയുടെ ഒപ്പും സീലും ആവശ്യമാണ്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മാത്രമേ ഈ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനോ മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റാനോ സാധിക്കൂ.

ദുരിതാശ്വാസനിധിയില്‍ നിന്ന് നിശ്ചിത പരിധി വരെ ധനസഹായം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍, റവന്യൂ സ്പെഷല്‍ സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അധികാരമുണ്ട്. മൂന്നുലക്ഷത്തിന് മുകളിലാണെങ്കില്‍ മന്ത്രിസഭയുടെ അനുമതി വേണം. അര്‍ഹരായവര്‍ക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭ്യമാക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂര്‍ണമായും സി‌എ‌ജി ഓഡിറ്റിങിന് വിധേയമാണ്. ഏതെങ്കിലും ക്രമക്കേട് നടന്നാല്‍ ഓഡിറ്റില്‍ കണ്ടെത്തുകയും റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്യും. നിയമസഭയില്‍ ഉത്തരം പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥവുമാണ്. വിവരാവകാശ നിയമത്തിന് കീഴിലായതിനാല്‍ ആര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭിക്കും. ഇതും അക്കൗണ്ടിന്‍റെ സുതാര്യത ഉറപ്പുവരുത്തുന്നതാണ്. സി‌എം‌ഡി‌ആര്‍‌എഫിലേക്ക് നല്‍കുന്ന തുകയ്ക്ക് ആദായനികുതി ഇളവും കിട്ടും. 

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്

കോവിഡ് മഹാമാരിക്കാലത്ത് 1129.74 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. പൊതുജനങ്ങളില്‍ യുപിഐ പോലെയുള്ള ഇലക്ട്രോണിക് പേയ്മെന്‍റായി 53.21 കോടി രൂപയും ബാങ്ക് വഴി 1076.53 കോടിരൂപയുമാണ് ലഭിച്ചത്. 2018–19 ലെ പ്രളയകാലത്ത് 4970.29 കോടി രൂപ ലഭിച്ചതില്‍ 4738.77 കോടി രൂപയും സര്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി അനുവദിച്ചിരുന്നു. 

ദുരിതാശ്വാസത്തിനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ

വില്ലേജ് ഓഫിസുകളില്‍ നിന്ന് ലഭിക്കുന്ന ഫോമില്‍ അപേക്ഷ നല്‍കാം. അപേക്ഷകര്‍ക്ക് സി.എം.ഡി.ആര്‍.എഫ് സൈറ്റില്‍ നേരിട്ടോ, അക്ഷയ സെന്‍ററുകള്‍ വഴിയോ, എംപി/എംഎല്‍എ ഓഫിസുകള്‍ വഴിയോ ഇത് സമര്‍പ്പിക്കാം. അപകട മരണത്തില്‍ സഹായം ലഭിക്കുന്നതിനായി എഫ്.ഐ.ആര്‍, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി ചേര്‍ക്കണം. ചികില്‍സാസഹായത്തിന് അംഗീകൃത മെഡിക്കല്‍ ഓഫിസറുടെ സാക്ഷ്യപത്രം വേണം. അര്‍ഹരായവരുടെ പേരുവിവരങ്ങള്‍ വില്ലേജ് ഓഫിസര്‍ക്ക് തഹസില്‍ദാര്‍ വഴി കലക്ടര്‍ക്ക് കൈമാറാം. 

നടപടി ക്രമം ഇങ്ങനെ... 

ലഭിക്കുന്ന അപേക്ഷകള്‍ റവന്യൂ വകുപ്പാണ് കൈകാര്യംചെയ്യുക. ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസിലേക്ക് വസ്തുത പരിശോധിക്കുന്നതിനായി കൈമാറും. വില്ലേജ് ഓഫിസില്‍ നിന്നുള്ള റിപ്പോര്‍ട്ട് താലൂക്ക് ഓഫിസിലേക്കും കലക്ടറേറ്റിലേക്കും ആവശ്യമെങ്കില്‍ റവന്യൂ സ്പെഷല്‍ സെക്രട്ടറി, മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവരിലേക്കും എത്തും. 

തുക അനുവദിക്കാനുള്ള അധികാരപരിധി

  • ജില്ലാ കലക്ടര്‍ – 10,000 രൂപവരെ
  • സ്പെഷല്‍ സെക്രട്ടറി (റവന്യൂ വകുപ്പ്) – 15000 രൂപ വരെ
  • റവന്യൂ മന്ത്രി – 25,000 രൂപവരെ
  • മുഖ്യമന്ത്രി – 3 ലക്ഷം രൂപ വരെ
  • മന്ത്രിസഭ – മൂന്ന് ലക്ഷം രൂപയ്ക്ക് മുകളില്‍
ENGLISH SUMMARY:

Detailed article on CMDRF. RTI is applicable to CMDRF and the people are entitled to get all information on it. CMDRF funds are open to audit by the CAG. CMDRF is fully web managed and transparent. Transfers to the end beneficiary is done through Direct Bank Transfer system.