lettar

TOPICS COVERED

ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി ഒരുമാസം തികയുമ്പോള്‍ വയനാട് നന്ദി പറയുകയാണ്.  ആ രാത്രിക്കുശേഷം വിറങ്ങലിച്ചു നിന്നുപോയ തങ്ങളെ ചേർത്ത് നിർത്താൻ ഓടിയെത്തിയ ആയിരക്കണക്കിന് മനുഷ്യർക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഒരു നന്ദിപറച്ചില്‍. ചൂരൽമലയിൽ നിന്ന് രക്ഷാ പ്രവർത്തകർ സാഹസികമായി രക്ഷപെടുത്തിയ ഒരു പെൺകുട്ടിയുടെ വൈകാരികമായ കത്ത്. 

 

ഒന്ന് ഉറങ്ങിയതേ ഒള്ളൂ. പിന്നെ സംഭവിച്ചതൊന്നും ഓർത്തെടുക്കാൻ പോലും വയ്യ. ചവിട്ടി നടന്ന മണ്ണും, ഓർമ്മവച്ച കാലം മുതൽ കണ്ടു വന്ന പുഴയും കുന്നും ഞങ്ങളുടെ ജീവൻ അപഹരിക്കുമെന്ന് വിചാരിച്ചതേയില്ല. ഉള്ള് പിടിഞ്ഞിരിക്കുന്ന ഈ സമയത്തും ഒരുപാട് പേരോട് നന്ദിയും കടപ്പാടും പറയാനുണ്ട്. അപകടത്തിൽ പെട്ടെന്നറിഞ്ഞു ഓടിയെത്തിയ പതിനായിരങ്ങളോട്, മരണം മുന്നിൽ കണ്ടിട്ടും ഞങ്ങൾക്ക് രക്ഷക്കെത്തിയവരോട്. 

ആളെ മൂടാൻ പാകത്തിൽ ചെളി നിറഞ്ഞിട്ടും നിങ്ങൾ പിന്തിരിഞ്ഞില്ല. ഞങ്ങൾക്ക് മേൽ പതിച്ച വൻ മരങ്ങൾ വടം വെച്ച് നീക്കുന്ന ദൃശ്യങ്ങളിലുണ്ട് നിങ്ങൾ ഏറ്റെടുത്ത അധ്വാനം. ഞങ്ങളെ ചേർത്ത് പിടിക്കാൻ ഓടിയെത്തിയ സൈന്യം, പ്രകൃതി പോലും മുഖം തിരിച്ച സമയത്ത് ഞങ്ങൾക്ക് വേണ്ടി പറന്നിറങ്ങിയവർ, ഭ്രാന്തൻ കണക്കെ ഒഴുകിയെത്തിയ പുഴയെ ഭേദിച്ച് നിങ്ങൾ തീർത്ത ബെയ്‌ലി പാലം. 

പുഴയെ മറികടന്ന് റോപ്പിലൂടെ NDRF അംഗം മുന്നോട്ട് കുതിച്ചപ്പോൾ എല്ലാവരുടെയും നെഞ്ചകം പിടച്ചതാണ്. എത്രെയാളുകളെയാണ് നിങ്ങൾ ഞങ്ങളെ ഏൽപ്പിച്ചത്. അഗ്നി രക്ഷാ സേനയും വനം വകുപ്പും പൊലീസും, ആംബുലൻസ് ഡ്രൈവർമാരും ഓഫ് റോഡ് ഡ്രൈവർമാരും അങ്ങനെ എണ്ണമറ്റയാളുകൾ. മന്ത്രിമാർ തൊട്ട് സർക്കാർ സ്ഥാപനങ്ങൾ. 

എല്ലാത്തിനുമുപരി സാധാരണക്കാരായ മനുഷ്യർ, സന്നദ്ധ പ്രവർത്തകർ, ഭക്ഷണം തന്നവർ, അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലും സഹായവുമായി ഓടിയെത്തിയവർ എല്ലാവർക്കും നന്ദി. ഞങ്ങൾക്കിനിയും ജീവിക്കണം, അന്നത്തെ പോലെ പഴയ ചൂരൽമലയും മുണ്ടകൈയും പോലെ. ഒരേ മനസ്സോടെ, സാഹോദര്യത്തോടെ ജീവിക്കണം. ഞങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണം, ഇതുപോലെ എല്ലാ കാലവും നിങ്ങൾ ഞങ്ങൾക്കൊപ്പം ഉണ്ടാകണം.

An emotional letter from a girl who was rescued in Churalmala: