വയനാട് മുണ്ടെകൈയിൽ ഉരുൾപൊട്ടിയപ്പോൾ ആകെ വിറച്ചു പോയ ഒരു കുടുംബമുണ്ട് കോഴിക്കോട് നന്മണ്ടയിൽ . വയനാട്ടിലേക്ക് വിവാഹം കഴിച്ചു പോയ പ്രിയങ്കയും ഭർത്താവും അടങ്ങുന്ന കുടുംബം ഒന്നാകെ ഒലിച്ചുപോയി.. പ്രിയങ്കയുടെ മൃതദേഹം മാത്രമാണ് കണ്ടുകിട്ടിയത്. ഭർത്താവ് അടക്കം ബാക്കിയുള്ളവർക്കായി തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.
വീട്ടിലേക്ക് ഒരാൾ കൂടി വരുന്നു എന്ന് സന്തോഷവാർത്തയുമായാണ് പ്രിയങ്ക കോഴിക്കോട് നന്മണ്ടയിൽ ഉള്ള ഈ വീട്ടിൽ നിന്ന് ഒടുവിൽ മടങ്ങിയത്. ഒരു കുഞ്ഞു ജീവനെ കയ്യിൽ എടുത്ത് തിരികെ വരാം എന്ന ഉറപ്പിൽ. ദുരന്തത്തിന് രണ്ടുദിവസം മുൻപ് വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ തിരിച്ചുവരവില്ലാത്ത യാത്രയാണ് അതെന്ന് ആരും അറിഞ്ഞില്ല.
ആക്രി കച്ചവടം നടത്തി കുടുംബം നോക്കുന്ന ജോസിന്‍റെ മക്കളിൽ രണ്ടാമത്തെ ആളാണ് പ്രിയങ്ക. പഠിക്കുന്ന കാലം മുതലേ ചെറിയ ജോലികൾ ചെയ്ത് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ചവൾ. മുതിർന്ന സഹോദരന് പോലും തണലായവൾ. സ്വകാര്യ ബാങ്കിലെ ജോലി കൊണ്ട് വീട് നോക്കി. മൂന്ന് മാസം മുൻപാണ് വയനാട് മേപ്പാടിയിലുള്ള ജിനു രാജനെ പ്രിയങ്ക വിവാഹം കഴിക്കുന്നത്. ഏഴു പേരടങ്ങുന്ന ജിനുവിന്‍റെ കുടുംബത്തെ പൂർണ്ണമായും ദുരന്തം കവർന്നെടുത്തു. 25 വയസ്സേ ഉള്ളൂ പ്രിയങ്കയ്ക്ക് . ഉള്ളിൽ ഒരു കുരുന്നു ജീവനുമായി നിറങ്ങളുള്ള ജീവിതത്തെ സ്വപ്നം കണ്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന അച്ഛന് ഒരു കൈത്താങ്ങ് ആവണമെന്നേ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. എല്ലാ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും മേലാണ് മുണ്ടക്കൈയിൽ നിന്ന് ഉരുള് കുത്തി ഒലിച്ചത്.