forest-department

സമൂഹമാധ്യമത്തില്‍ നോവുപടര്‍ത്തി വൈറലായ ചിത്രത്തിന് പിന്നില്‍ അതിസാഹസിക രക്ഷാദൗത്യം. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ നെഞ്ചടക്കിപ്പിടിച്ച ബാലന്റെ മുഖത്തെ ഭീതി ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ്, എട്ട് മണിക്കൂർ നീണ്ട രക്ഷാശ്രമത്തിന്റെ വാര്‍ത്ത പുറത്തു വരുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്ത് ആദിവാസി വിഭാഗത്തിലെ ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ അടങ്ങിയ കുടുംബത്തെയാണ് തളരാത്ത നിശ്ചയദാർഢ്യത്തോടെ വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥർ രക്ഷിച്ചത്. 

 

10 മീറ്റർ കയറുകൾ കൂട്ടിക്കെട്ടിയതിൽ പിടിച്ചുകയറിയായിരുന്നു ദൗത്യം. വനം വകുപ്പ് ഉദ്യോഗസ്ഥരായ കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ആഷിഫ്, മുണ്ടക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, കൽപ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ അനിൽകുമാർ, കൽപ്പറ്റ ആർ ആർ ടി അനൂപ് തോമസ് എന്നിവരടങ്ങിയ സംഘമാണ് സാഹസികദൗത്യം വിജയകരമായി നടപ്പാക്കിയത്. ചെങ്കുത്തായ മലഞ്ചെരുവുകൾ താണ്ടി ഈ കുടുംബത്തെ  ഉദ്യോഗസ്ഥർ അട്ടമല എപിസിയിലെത്തിച്ച്, ആവശ്യമായ വിറകും മറ്റ് ആഹാരസാധനങ്ങളും  നൽകി.  രക്ഷാദൗത്യത്തിന്‍റെ ദൃശ്യങ്ങളിലേക്ക് 

കാടിനുള്ളിൽ മൺതിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും  കാട്ടിലൂടെ നടന്നുപോകുമ്പോൾ ഫോറസ്റ്റ് ഓഫീസറുടെ മുമ്പിൽ അകപ്പെടുകയായിരുന്നു. ശാന്തയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇവരോടൊപ്പം  വീട്ടിലേക്ക് തിരിച്ചു. അടുപ്പ് കൂട്ടി ചൂട് കായുന്ന കുടുംബാംഗങ്ങളെയും കൂട്ടി ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ  കാടിനു വെളിയിലേക്ക് പുറപ്പെട്ടു. സങ്കേതത്തിൽ നിന്നും പുറത്തിറങ്ങാൻ മടി കാണിച്ചിരുന്നുവെങ്കിലും ദുരന്തത്തിന്‍റെ രൂക്ഷത പറഞ്ഞു മനസ്സിലാക്കിയതോടെ കുടുംബം വരാൻ തയ്യാറാക്കുകയായിരുന്നുവെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ആഷിഫ് പറഞ്ഞു.  പ്രതികൂല കാലാവസ്ഥയിലും ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നെങ്കിലും ആറു പേരെ രക്ഷപ്പെടുത്തിയ സംതൃപ്തിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അവിടെ നിന്നും മടങ്ങിയത്

Adventurous rescue mission behind the picture that went viral on social media: