search-on-mundakai-top-turn

വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജീവന്റെ തുടിപ്പുതേടി മുണ്ടക്കൈ ടോപ്പില്‍ രാത്രിയില്‍ നടന്ന അസാധാരണമായ തിരച്ചില്‍ അവസാനിപ്പിച്ചു.  കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ച ശ്വാസോച്ഛ്വാസത്തിന്‍റെ സിഗ്‌നല്‍ മനുഷ്യന്റെതല്ലെന്ന നിഗമനത്തിലാണ് രണ്ട് ഘട്ടമായി നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചത്. ഒരുപക്ഷ തവളയുടെയോ പാമ്പിന്റെയോ സിഗ്നലാകാം റഡാറില്‍ ലഭിച്ചത്. രണ്ട് തവണയാണ് തെര്‍മല്‍ റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചത്. ശ്വാസോച്ഛ്വാസത്തിന്‍റെ സിഗ്നലാണ് റഡാറില്‍ ലഭിച്ചത്. സിഗ്നല്‍ ലഭിച്ചത് കെട്ടിടത്തിന് സമീപത്തുനിന്ന് മൂന്നുമീറ്ററോളം താഴ്ചയിലാണ്. ഫ്ലഡ് ലൈറ്റ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ എത്തിച്ചായിരുന്നു രാത്രിയിലെ തിരച്ചില്‍ . 

 

അതിനിടെ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 334ആയി. ഇന്ന് 18 മൃതദേഹങ്ങള്‍ കൂടി ലഭിച്ചു.  ചൂരല്‍മലയില്‍നിന്ന് ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം കണ്ടെത്തി. വെള്ളാര്‍മലയിലെ തിരച്ചിലില്‍ ഒരു മൃതദേഹം കണ്ടെടുത്തു. ചാലിയാറില്‍ ഇന്ന് 12 മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ചാലിയാറില്‍ നിന്നുമാത്രം ഇതുവരെ 184 മൃതദേഹങ്ങളാണ് കിട്ടിയത്.  280  പേര്‍ ഇനിയും കാണാമറയത്താണ്. 210 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 140 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാതെ ബാക്കിയുള്ള മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കാന്‍ നടപടി തുടങ്ങി. മുണ്ടക്കൈയിലും ചൂരല്‍മലയിലും ആറു മേഖലകളിലായുള്ള തിരിച്ചാണ് നാലാംനാള്‍  തിരച്ചില്‍ പുരോഗമിക്കുന്നത്. സൈന്യവും എന്‍.ഡി.ആര്‍.എഫുമടക്കം  രണ്ടായിരത്തോളം പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.  

ENGLISH SUMMARY:

A search on Mundakai Top turned up nothing; Search is over