ദുരന്തമുഖത്ത് നിന്നും ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയത് 190 അധികം മൃതദേഹങ്ങൾ. കിലോമീറ്ററുകൾക്കിപ്പുറം നിലമ്പൂരിന്‍റെ ഭൂമി മൃതദേഹങ്ങൾ പേറി പൊള്ളുമ്പോഴും രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും തുടരുകയാണ്. 

ഇത് ചാലിയാർ പുഴ. ഈ പുഴയുടെ തീരത്ത് കുറെയേറെ മനുഷ്യരുണ്ട്. അതെ മനുഷ്യർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃതശരീരങ്ങൾ വാരിയെടുക്കുന്ന മനുഷ്യർ . പലപ്പോഴും കണ്ടെടുത്തത് മൃതദേഹങ്ങൾ പോലും ആയിരുന്നില്ല വെറും അവയവങ്ങൾ മാത്രം. രൗദ്ര ഭാവം പൂണ്ട ചാലിയാറിനോട് പടവെട്ടി മൃതദേഹങ്ങൾ ഓരോന്നും ഈ മനുഷ്യർ കരയ്ക്കടിപ്പിച്ചു. മറ്റു സംവിധാനങ്ങൾ എത്തുന്നതിന് മുൻപേ പല ജേഴ്സികൾ അണിഞ്ഞവർ ഒറ്റക്കെട്ടായി ചാലിയാറിലേക്കിറങ്ങി. 

വെല്ലുവിളിയായി പുഴയുടെ കുത്തൊഴുക്ക് കൂടി. അന്തരീക്ഷം മേഘാവൃദ്ധമായി മഴ പെയ്തുകൊണ്ടെയിരുന്നു. അതിലൊന്നും തളരാതെ ഈ മനുഷ്യർ ജീവനറ്റ കുറേയേറെ മനുഷ്യരെ ചാലിയറിന്റെ കരയിൽ നിന്ന് വാരി എടുത്തു. കുറുക്കനും കിറുനരിക്കും വിട്ടുകൊടുക്കാതെ ഓരോ ശരീരഭാഗങ്ങളും കരയ്ക്കടുപ്പിച്ചു. ജീവിതം നഷ്ടപ്പെട്ട കൂടെപ്പിറപ്പുകളുടെ അന്ത്യയാത്രയെങ്കിലും അന്തസുള്ളതാക്കണം.

ENGLISH SUMMARY:

190 dead bodies floated to Nilambur through Chaliyar