കേരളത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാടിന്‍റെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എം.എല്‍.എ എന്ന നിലയിലുള്ള തന്‍റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വയനാട്ടിലെ ജനങ്ങള്‍ക്ക് അദ്ദേഹം തന്‍റെ പിന്തുണ അറിയിച്ചത്. കഴിയാവുന്ന സഹായം നല്‍കി അവിടെയുള്ള കൂടപ്പിറപ്പുകളെയും സഹോദരങ്ങളെയും ചേര്‍ത്ത് പിടിക്കണമെന്നും ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കുമെന്നും അദ്ദേഹം കുറിച്ചു.
രമേശ് ചെന്നിത്തലയുടെ കുറിപ്പിങ്ങനെ..'കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത ഭൂമിയിൽ നിന്നുള്ള തേങ്ങലുകൾ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാൽ കഴിയാവുന്ന സഹായങ്ങൾ നൽകി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും, സഹോദരങ്ങളെയും ചേർത്തുപിടിക്കണം. എം .എൽ .എ യെന്ന നിലയിലുള്ള എന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കും… '. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ദുരന്തമുഖത്ത് നാടിനായി മുന്നിട്ടിറങ്ങിയ ഈ നടപടി മാതൃകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും കുറിച്ചത്. കേരളം ഒറ്റക്കെട്ടാണെന്നും കൂട്ടായി നിന്ന് വയനാടിന്‍റെ കണ്ണീരൊപ്പുമെന്നും ചെന്നിത്തലയുടെ കുറിപ്പിന് ചുവടെ ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.
അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. 276 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ ഇതുവരെ 338 മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പടെ 341 പോസ്റ്റുമോര്‍ട്ടം നടത്തി. ഇതില്‍ 146 പേരെ തിരിച്ചറിഞ്ഞു. ഇന്ന് തിരച്ചില്‍ ആറുമേഖലകളിലായി തുടരും. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിവട്ടം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ചാലിയാറിലും നിലമ്പൂരിലും കോഴിക്കോടും തിരച്ചില്‍ തുടരും.
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. ഒറ്റപെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. രണ്ടുദിവസംകൂടി സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.