mohanlal-mundakkai-02

വയനാട്ടിലേത് രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നെന്ന് നടന്‍ മോഹന്‍ലാല്‍. വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. സങ്കടകരമായ കാഴ്ചകളാണ്. ദുരന്തവ്യാപ്തി നേരിട്ട് കണ്ടറിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നുകോടി രൂപ നല്‍കുമെന്നും മോഹന്‍ ലാല്‍ പറഞ്ഞു.  മുണ്ടക്കൈയിൽ അൽപസമയം വാഹനം നിർത്തി ഉരുൾപൊട്ടൽ നാശംവിതച്ച മേഖലകൾ അദ്ദേഹം കാൽനടയായി സന്ദർശിച്ചു. 

 

വയനാടിന്‍റെ ദുഃഖവും ദുരിതവും നേരിട്ടു കണ്ടറിഞ്ഞ് മോഹന്‍ലാല്‍. സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവരെ അഭിനന്ദിച്ചു. മേപ്പാടിയിലെ സൈനിക ക്യാംപില്‍നിന്നായിരുന്നു സന്ദര്‍ശനത്തിന്‍റെ തുടക്കം. ചൂരല്‍മലയില്‍ സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം കടന്ന് മുണ്ടക്കൈയിലേക്ക്. മുണ്ടക്കൈ ടൗണിനുതൊട്ടുമുന്‍പ് വാഹനത്തില്‍നിന്നിറങ്ങി പ്രദേശം മുഴുവന്‍ നടന്ന് കണ്ടു. പിന്നീട്  പുഞ്ചിരിമട്ടത്തെത്തിയ മോഹന്‍ലാല്‍ ദുരിതബാധിതരെയടക്കം കേട്ടു. 

എന്‍.ഡി.ആര്‍.എഫ് സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തി. മേജര്‍ രവിയും ഒപ്പമുണ്ടായിരുന്നു. മേപ്പാടിയിലെ സൈനിക ക്യാംപില്‍ തിരിച്ചെത്തിയ മോഹന്‍ലാല്‍ ദുരിതാശ്വാസ ക്യാപുകളിലെത്തി ദുരിതബാധിതരെയും കണ്ടേക്കും. 

ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ ആദ്യം എത്തിയത്.  സൈനികരെയും മോഹൻലാൽ കണ്ടു. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. മോഹൻലാൽ ലെഫ്റ്റനന്റ് കേണലായിട്ടുള്ള 122 ഇൻഫെന്ററി ബറ്റാലിയനാണ് വയനാട് രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്. തന്റെ സംഘത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള കുറിപ്പും കഴിഞ്ഞദിവസം അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു.

വയനാട് ഉരുള്‍പൊട്ടല്‍  ദുരന്തത്തില്‍ അഞ്ചാം ദിവസത്തിലെ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.  മരണം 342 ആയി.  ചൂരല്‍മലയില്‍നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കിട്ടിയത്. ചാലിയാറിലെ തിരച്ചിലില്‍ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 215 മരണങ്ങളാണ്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 352 പോസ്റ്റ്മോര്‍ട്ടം നടത്തി. 148 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.  ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലായി ആറുമേഖലകളായി തിരിച്ചാണ് സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്റെയും പരിശോധന പുരോഗമിക്കുന്നത്. ആഴത്തില്‍ പരിശോധന നടത്താന്‍ കഴിയുന്ന റഡാറുകള്‍ സൈന്യം ഇന്ന് എത്തിക്കും. അത്യാധുനിക ഡ്രോണ്‍ സംവിധാനവും വൈകിട്ട് എത്തിക്കും. കൂടുതല്‍ കഡാവര്‍ നായ്ക്കളെ തിരച്ചിലിന് എത്തിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് കലക്ടര്‍ എം.ആര്‍.മേഘശ്രീ പറഞ്ഞു.   

ENGLISH SUMMARY:

Mohanlal Visits Landslide-Hit Wayanad in Army Uniform