വയനാട്ടിലെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ സന്നദ്ധത അറിയിച്ച യുവതിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്റിട്ട ആൾ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ വ്യാജം. കമന്റിട്ട കണ്ണൂർ സ്വദേശിയുടേതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ചികിത്സാ ധനസഹായം തേടിയ തിരുവനന്തപുരം സ്വദേശി വിശ്വാസിന്റെ ചിത്രമാണ്. അപകടത്തിൽ പരുക്കേറ്റ വിശ്വാസ് ഒരാഴ്ചയായി ചികിത്സയിലാണ്.
വയനാട്, മുണ്ടക്കൈ– ചൂരല്‍ മല ദുരന്തത്തില്‍ അമ്മമാരെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മുലയൂട്ടാൻ സന്നദ്ധത അറിയിച്ചായിരുന്നു യുവതി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. യുവതിക്ക് പിന്തുണയുമായി ധാരാളം പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടയിലാണ് യുവതിക്കെതിയെ ആക്ഷേപിച്ച് അശ്ലീല കമന്‍റുമായി ജോര്‍ജ് എന്നയാള്‍ രംഗത്തെത്തുന്നത്. എന്നാല്‍ ജോര്‍ജിന്‍റെ പേരില്‍ പ്രചരിക്കുന്ന ചിത്രമാകട്ടെ തിരുവനന്തപുരം സ്വദേശി വിശ്വാസിന്റെയും.
26ാം തിയ്യതി കാര്‍ അപകടത്തെ തുടര്‍ന്ന് ചികില്‍സ തേടിയാണ് താന്‍ മെഡിക്കല്‍ കോളജിലെത്തുന്നത് എന്നാണ് വിശ്വാസ് പറയുന്നത്. രണ്ടാം തിയ്യതി ശനിയാഴ്ച വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചികില്‍സാ സഹായം ആവശ്യപ്പെട്ടാണ് ഫോട്ടോ ഇടുന്നത്. പിന്നാലെയാണ് ജോര്‍ജ് എന്ന തരത്തില്‍ തന്‍റെ ഫോട്ടോ പ്രചരിച്ചതെന്ന് വിശ്വാസ് പറയുന്നത്.
തനിക്കും ഭാര്യയും മകളുമുണ്ട്, ഇപ്പോള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ആള്‍ക്കാരെല്ലാം വേറെ കണ്ണുകൊണ്ടാണ് തന്നെ കാണുന്നതെന്നും വിശ്വാസ് പറയുന്നു. എല്ലാവര്‍ക്കും എന്നെ അറിയാവുന്നതാണ്. ഞാന്‍ ഒരുതെറ്റും ചെയ്തിട്ടില്ല. ആരോ ദുരുപയോഗം ചെയ്തതാണ്. എന്‍റെ അവസ്ഥ ഇനി മറ്റൊരാള്‍ക്ക് വരരുത്. ചെയ്തത് ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം... വിശ്വാസ് പറഞ്ഞ് നിര്‍ത്തുന്നു.