ഉരുള്‍പൊട്ടലിനു തൊട്ടുമുന്‍പ് വളര്‍ത്തുതത്ത നല്‍കിയ സൂചനയില്‍ യുവാവ് രക്ഷപ്പെടുത്തിയത് രണ്ട് കുടുംബങ്ങളെ. ദുരന്തദിനത്തിനു തലേദിവസം തന്നെ മഴ ശക്തിയാകുന്നതു കണ്ട കുടുംബം മാറാന്‍ തീരുമാനിച്ചു, സഹോദരിയുടെ വീട്ടിലേക്ക് മാറിയ യുവാവും കുടുംബവും വളര്‍ത്തുതത്ത കിങ്ങിണിയെയും കൂടെക്കൂട്ടി. അന്നു രാത്രി തത്ത പതിവില്ലാത്തവിധം ബഹളമുണ്ടാക്കി. ഉറുമ്പ് വല്ലതും കൂട്ടില്‍ കയറിയതാകാമെന്ന് കരുതി യുവാവ് അടുത്തുചെന്ന് നോക്കിയപ്പോള്‍ പച്ച തൂവലെല്ലാം പൊഴിഞ്ഞ് പോയിരുന്നു. കറന്റ് പോലുമില്ലാതിരുന്ന ആ സമയം ടോര്‍ച്ചടിച്ചാണ് കൂട്ടില്‍ പരിശോധിച്ചത്. തുറന്നുവിടാനാവും തത്ത കരഞ്ഞിട്ടുണ്ടാവുകയെന്നും സംശയം പറയുന്നു ഇയാള്‍.
തത്തയുടെ പതിവില്ലാത്ത കരച്ചിലും ബഹളവും കേട്ട് എന്തോ പന്തികേട് തോന്നി സുഹൃത്തിനെ വിവരം അറിയിച്ചു. ഉറക്കത്തിലായിരുന്ന സുഹൃത്ത് ജിജിയോട് പുറത്തിറങ്ങി നോക്കാനാവശ്യപ്പെട്ടു, മഴയുടെ ഇരമ്പലിനും കേള്‍ക്കുന്ന ശബ്ദത്തിനും മാറ്റം അനുഭവപ്പെട്ട സുഹൃത്ത് പുറത്തിറങ്ങി നോക്കിയപ്പോള്‍ വെള്ളം ഇരച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. എല്ലാവരോടും സുരക്ഷിത സ്ഥാനത്തേക്ക് മാറാനാവശ്യപ്പെട്ടു. വിളിച്ചു പറഞ്ഞത് കൊണ്ടുമാത്രമാണ് ആ കുടുംബം രക്ഷപ്പെട്ടത്. അതുപോലെ തന്നെ പ്രശാന്ത് എന്ന മറ്റൊരു സുഹൃത്തിന്റെ കുടുംബത്തെയും രക്ഷപ്പെടുത്തിയത് ഇതുപോലെ വിളിച്ചറിയിച്ചാണെന്നും യുവാവ് മനോരമന്യൂസിനോട് പറഞ്ഞു.
നാട് ഉറങ്ങുന്നതിനിടെയാണ് വയനാട്ടില്‍ ദുരന്തം ഇരമ്പിവന്നത്. പലരും അതിഭയങ്കരമായ ശബ്ദം കേട്ട് വീടിന്റെ പുറത്തിറങ്ങിയപ്പോള്‍ വീട് മുങ്ങുന്ന അവസ്ഥയാണ് കണ്ടത്. എല്ലാം നഷ്ടപ്പെട്ട് ആയിരത്തോളം ജനതയാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.
വയനാട് ദുരിതഭൂമിയിലെ ജനതയെ ചേര്‍ത്തുപിടിച്ച് മനോരമ ന്യൂസ് 'നാട് വയനാട്ടിനൊപ്പം' ലൈവത്തണ്‍ തുടരുന്നു. വേദനകള്‍ പറയുകയാണ് വയനാട്ടുകാര്‍. എന്താണ് അടിയന്തരമായി വേണ്ടതെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നു. വയനാടനുഭവങ്ങള്‍ പങ്കിട്ടും സഹായവാഗ്ദാനങ്ങളുമായി പ്രമുഖരും അതിജീവന നിര്‍ദേശങ്ങളുമായി വിദഗ്ധരും ലൈവത്തണില്‍ അണിചേരുന്നുണ്ട്.