സൈന്യവും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് വയനാട് മുണ്ടക്കൈ– ചൂരല്‍മല മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടം നടന്ന ദിവസം മുതല്‍ ഇന്ന് വരെ ഇവര്‍ക്കിടയില്‍ സ്വയം സന്നദ്ധനായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ അഭിനന്ദിക്കുകയാണ് കോര്‍പറേഷന്‍.
മുൻപ് ജോലി ചെയ്തിരുന്ന മുണ്ടക്കൈയിൽ എത്തി NDRF, വനംവകുപ്പ് ടീമുകൾക്കൊപ്പം രക്ഷാപ്രവർത്തനത്തിലാണ് ഡ്രൈവര്‍ എൻ. പി ശശി. മുണ്ടക്കൈ ൽ ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പിറ്റേദിവസം മുതൽ രക്ഷാദൗത്യത്തിന് ശശി അവർക്കൊപ്പമുണ്ട്. 29ാം തീയതി കോഴിക്കോട് ഡിപ്പോയിൽ ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴാണ് രാത്രി മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായെന്ന വാർത്ത അറിയുന്നത്. വെളുപ്പിന് അഞ്ച് മണിക്ക് മുൻപ് കൂടെ ജോലി ചെയ്തിരുന്ന മുണ്ടക്കയ്യിൽ തന്നെയുള്ള KSRTC കണ്ടക്ടർ യൂനുസാണ് പരിചയക്കാരും നാട്ടുകാരുമെല്ലാം നഷ്ടമായ വിവരവും അവിടെ ഒരു വീടുപോലും കാണാനില്ല എന്നതും അറിയിക്കുന്നത്.
കല്പറ്റ ഡിപ്പോയിൽ ജോലി ചെയ്ത കാലത്ത് ശശി ഷെഡ്യൂൾ ആയി പോയ റൂട്ട് ആയിരുന്നു ആയതിനാൽ തന്നെ മുണ്ടക്കൈയെ സംബന്ധിച്ച് വ്യക്തമായ ധാരണ ശശിക്ക് ഉണ്ടായിരുന്നു. ഉടൻ തന്നെ മേലുദ്യോഗസ്ഥരെ അറിയിച്ച് അങ്ങോട്ടേക്ക് തിരിക്കുകയായിരുന്നു.
അന്നുതുടങ്ങി ഇന്ന് വരെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ട് അദ്ദേഹം.
രക്ഷാപ്രവർത്തനങ്ങൾക്കും മൃതദേഹങ്ങൾ തിരയുന്നതിനും തുടങ്ങി എല്ലാ കാര്യങ്ങളിലും സജീവമായിരുന്ന എൻ.പി ശശിയുടെ സമയോചിതമായ ഇടപെടലിലൂടെ ദുരന്തമുഖത്തെ ചളിയിലേക്ക് ആണ്ടു പോയ ഒരു മാധ്യമപ്രവർത്തകനെ രക്ഷിക്കുന്നതിനും ഈ KSRTC ജീവനക്കാരന് സാധിച്ചു.
ഉരുൾപൊട്ടൽ ഉണ്ടായതിന്റെ തലേദിവസം കെഎസ്ആർടിസി കൽപ്പറ്റ ഡിപ്പോയിൽ നിന്നും മുണ്ടക്കൈ സ്റ്റേ സർവീസ് പോയ ബസ് കൽപ്പറ്റ എ.ടി.ഒ ശ്രീ. പ്രശോഭിൻ്റെ നിർദ്ദേശപ്രകാരം എൻ. പി. ശശി ബസ് സ്റ്റാർട്ട് ചെയ്ത് കണ്ടീഷൻ ചെക്ക് ചെയ്തു സുരക്ഷിതമായി നിർത്തുന്നുമുണ്ട്.
ദുരന്തമുഖത്തേക്ക് പോലീസിനെയും പട്ടാളത്തേയും ഫയർ ഫോഴ്സിനേയും മറ്റ് വിഭാഗങ്ങളയും എത്തിക്കുന്നതിനൊപ്പം അവശ്യ സേവന സാമഗ്രികളും സഹായമായി എത്തിക്കുന്ന വസ്തുക്കളും ജില്ലാ ഭരണകൂടത്തിനൊപ്പം നിന്ന് ബസ്സുകളിൽ നിരന്തരം എത്തിച്ച് വരികയാണ് കെ എസ് ആർ ടി സി.