വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ്. അനധികൃത കുടിയേറ്റവും ഖനനവുമാണ് ഉരുള്‍പൊട്ടലിന് കാരണം. ഭൂമി കയ്യേറ്റത്തിന് രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കുന്നുവെന്നും മന്ത്രി.
അങ്ങേയറ്റം പരിസ്ഥിതിലോലമായ വയനാട്ടില്‍ അനധികൃത കുടിയേറ്റവും കയ്യേറ്റവും ഖനനവും വ്യാപകമായി നടക്കുന്നു. പ്രാദേശിക ഭരണകൂടത്തിന്‍റെയും രാഷ്ട്രീയ നേതാക്കളുടെയും സംരക്ഷണയിലാണ് ഇതെല്ലാം. ടൂറിസത്തിനുവേണ്ടിപ്പോലും പ്രത്യേകം മേഖലകള്‍ ഒരുക്കുന്നില്ല എന്നും കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവ് കുറ്റപ്പെടുത്തി.
പരിസ്ഥിതിലോല മേഖലകള്‍ക്കായി മുന്‍ വനം ഡയരക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്രം പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ കേരളം സമിതിയുമായി സഹകരിക്കുന്നില്ല. തുടര്‍ച്ചയായി അവഗണിക്കുകയാണ്. പരിസ്ഥിതിലോല മേഖലകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയാറാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി പറഞ്ഞു.