ഉരുൾപൊട്ടൽ തകർത്ത മുണ്ടകൈയിലെ നൗഫൽ ഇന്ന് വിധിയെ ചിരിച്ചു പരാജയപ്പെടുത്തുകയാണ്. നന്മയുള്ള കുറേ മനുഷ്യരുടെ സഹായത്തോടെ ഇന്നലെ മേപ്പാടിയിലൊരു റെസ്റ്റോറന്റ് തുറന്നു. ഉരുൾ പൊട്ടൽ ഉണ്ടായ ജൂലൈ 30 എന്നാണ് റസ്റ്റോറന്റിനു പേരിട്ടത്. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട നൗഫലിനെ ഇന്ന് കുറെ മനുഷ്യരുടെ കൂട്ടുമുണ്ട് ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട് നിസഹായനായി തേങ്ങി കരഞ്ഞ മുണ്ട കൈയിലെ നൗഫലിനെ ഓർമയില്ലേ. മാതാപിതാക്കളും ഭാര്യയും മക്കളുമടക്കം കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട നൗഫൽ അന്ന് നമുക്കെല്ലാവർക്കും ഒരു നോവായതാണ്.
ഇന്ന് പുതിയ ഒരു ജീവിതത്തിലേക്ക് നടന്നടക്കുകയാണ് നൗഫൽ. മനോരമ ന്യൂസ് ലൈവത്തണിൽ പങ്ക് വെച്ച സ്വപ്നം യാഥാർഥ്യമായി. മേപ്പാടിയിൽ ഒരു റെസ്റ്റോറന്റ് തുടങ്ങി. ഒരു കട തുടങ്ങണമെന്നായിരുന്നു നൗഫലിന്റെ മാതാപിതാക്കളുടെ ആഗ്രഹം. അതിനു വേണ്ടിയാണ് ദുരന്തത്തിനു മൂന്നു മാസം മുമ്പ് ഗൾഫിൽ പോയതും. വിധി വില്ലനായ കാലത്ത് ആഗ്രഹം പൂർത്തിയായെങ്കിലും കാണാൻ പ്രിയപ്പെട്ടവരില്ലാത്തതിന്റെ വേദന മാത്രമാണ് ബാക്കി. പ്രതിസന്ധി കാലത്ത് കൂടെ നിന്നതിന് നൗഫൽ നന്ദി പറയുന്നുണ്ട്..
മനോരമ ന്യൂസ് ലൈവത്തൺ കണ്ട കെ.എൻ.എം പ്രവർത്തകരാണ് റെസ്റ്റോറന്റ് നിർമിച്ചു നൽകിയത്. പിന്നേയും കുറേ ആളുകൾ സഹായവുമായെത്തി. ജൂലൈ 30 എന്നാണ് കടക്കു പേരിട്ടത്. എല്ലാം മാറ്റി മറിച്ച ഉരുൾപൊട്ടൽ ഉണ്ടായത് അന്നേ ദിവസമാണ്. ഉറ്റവരെല്ലാം നഷ്ടപ്പെട്ട ആ ദിവസം. തന്നെ തോൽപ്പിക്കാൻ ശ്രമിച്ച വിധിയെ തിരിച്ചു തോൽപ്പിക്കുകയാണ് നൗഫൽ. അതിജീവനത്തിന്റെ പാതയിൽ ഇനിയും ആ മനുഷ്യനൊപ്പം നമ്മളുണ്ടാകണം..