പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിക്കും. ശനിയാഴ്ച എത്താനാണ് സാധ്യത. അന്തിമതീരുമാനം ഉടന്‍. കല്‍പറ്റയില്‍ താല്‍ക്കാലിക ഹെലിപാഡ് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യദിനാഘോഷത്തിനായി കെട്ടിയ പന്തല്‍ പൊളിക്കാനും നിര്‍ദേശം.
പുത്തുമലയില്‍ ഇന്ന് രണ്ട് മൃതദേഹങ്ങളും നാല് ശരീരഭാഗങ്ങളും സംസ്കരിച്ചു. ഇതുവരെ 41 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളുമാണ് സംസ്കരിച്ചത്. മുണ്ടക്കൈ ദുരന്തത്തിൽപെട്ടവരെ കണ്ടെത്താൻ സൺറൈസ് വാലിയിൽ നടത്തിയ പരിശോധന പൂര്‍ത്തിയാക്കി ദൗത്യസംഘം മടങ്ങിയെത്തി. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
വയനാട് ദുരന്തത്തിൽ തകർന്ന വീടുകളുടെ കണക്കെടുപ്പ് തുടങ്ങി. പ്രദേശവാസികളെയും വീട്ടുകാരെയും ഒപ്പം കൂട്ടിയാണ് ഉദ്യോഗസ്ഥരുടെ ദൗത്യം. ചെളിയടിഞ്ഞ വീട്ടിൽ നിന്ന് ദുരന്തത്തിന്റെ ഒൻപതാം നാളിലും രേഖകൾ വീണ്ടെടുക്കാനായി.
ദുരന്തത്തിൽ കാണാതായവരുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 138 പേരുടെ പേരും വിലാസവും ചിത്രവും ഉൾപ്പെടുന്ന പട്ടികയാണ് രാവിലെയോടെ പുറത്തിറക്കിയത്. ഒഡിഷയിൽ നിന്നുള്ള ഡോക്ടർ സ്വാധീൻ പാണ്ഡയും പട്ടികയിലുണ്ട്. മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിലെ ബന്ധുകളിൽ നിന്നും ആശാ വർക്കർമാരിൽ നിന്നും പഞ്ചായത്തംഗങ്ങളിൽ നിന്നും വിവരം ശേഖരിച്ചാണ് പട്ടിക തയ്യാറാക്കിയത്. സംസ്കരിച്ച തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരവും ഡിഎൻഎ ഫലവും ലഭ്യമാകുമ്പോൾ പട്ടികയിലെ എണ്ണത്തിൽ മാറ്റമുണ്ടാകും. തിരിച്ചറിയാത്ത 44 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും കഴിഞ്ഞ ദിവസത്തോടെ സംസ്കരിച്ചിരുന്നു.
ഇന്ന് ഒരുമൃതദേഹം കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 414 ആയി. വയനാട്ടില്‍ തിരച്ചില്‍ തുടരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുനരധിവാസം മന്ത്രിസഭ ചര്‍ച്ച ചെയ്തു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളോട് സര്‍ക്കാര്‍ സംസാരിക്കും. ദുരിത ബാധിതരെ ബുദ്ധിമുട്ടിച്ചാല്‍ കര്‍ശന നടപടിയെടുക്കും