സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് ഹൈക്കോടതി. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന് പിന്നാലെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ചോദ്യം. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം സംസ്ഥാനത്ത് വേണമെന്നും, സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും കോടതി നിർദേശിച്ചു

വയനാടിന് മേൽ കോടതിയുടെ തുടർച്ചയായ നിരീക്ഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ നിർദേശങ്ങൾ. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. ഓരോ ജില്ലയിലും പഠനം നടത്തി പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കണ്ടെത്തണം. ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് ഇതിന്റെ അടിസ്ഥാനത്തിൽ ആവണം. ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ പരിശോധിച്ച് സർക്കാർ നയങ്ങൾ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണം. വിവിധ വകുപ്പുകൾ പലതരത്തിലാണ് നടപടികൾ എടുക്കുന്നത്. ഇതിന് പകരം വകുപ്പുകൾ തമ്മിൽ ഏകോപനം വേണം. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാവണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്വമേധയ എടുത്ത കേസിൽ മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടക്കമുള്ളവരെ കക്ഷി ചേർത്ത കോടതി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എല്ലാ വെള്ളിയാഴ്ചയും വിഷയം പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം. അടുത്ത തവണ കേസിൻ്റെ പരിഗണന വിഷയങ്ങൾ തീരുമാനിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Kerala HC questioned whether environmental audit conducted in Kerala: