കോഴി കൂവിയാല്‍ നേരം പുലരുമെന്ന പഴമൊഴി മാറി കലഹം കൂടുമെന്ന അവസ്ഥയിലാണ്. പരാതിയെത്തിയത് പൊലീസ് സ്റ്റേഷനിലല്ല, വാദപ്രതിവാദത്തിനൊപ്പം കയ്യാങ്കളി വരെയെത്തുന്ന നഗരസഭ കൗണ്‍സിലിലാണ്. അടുത്ത വീട്ടിലെ പൂവന്റെ കരച്ചില്‍ ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നുവെന്ന വീട്ടുടമയുടെ പരാതി ഷൊര്‍ണൂര്‍ നഗരസഭ അടിയന്തര പ്രാധാന്യത്തോടെ തന്നെ ചര്‍ച്ച ചെയ്തു.
ഈ കൂവലാണ് പ്രശ്നം. പൂവന്‍ ഇങ്ങനെ ഇടവേളകളില്‍ കൂവിക്കൊണ്ടിരുന്നതിനാല്‍ അടുത്ത വീട്ടുകാര്‍ കലഹിച്ചു. ശബ്ദം കേട്ട് ഇരിക്കപ്പൊറിതിയില്ലെന്ന് പറഞ്ഞ് പരാതി നല്‍കി. കോഴി കൂവലിന്റെ അന്വേഷണ പുരോഗതി വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭയില്‍ ഉന്നയിച്ചു. അടിയന്തര വിഷയങ്ങള്‍ക്കൊപ്പം കോഴിയുടെ കൂവലും ചര്‍ച്ച ചെയ്ത കൗണ്‍സില്‍ അങ്ങ് ഉത്തരേന്ത്യയിലല്ല. പാലക്കാട് ഷൊര്‍ണൂരിലാണ്.
കൂവലിന്റെ തീവ്രത അളക്കാന്‍ നഗരസഭ ഉദ്യോഗസ്ഥന്മാര്‍ പലവട്ടമെത്തി. പരാതിയുടെ തീവ്രത പോലെ കൂവലിന് വ്യാപ്തിയില്ലെന്ന് നേരിട്ട് മനസിലാക്കി. മഴക്കെടുതിയും പകര്‍ച്ചവ്യാധിയും ചര്‍ച്ച ചെയ്ത് കരുതലെടുക്കേണ്ട സാഹചര്യത്തില്‍ കോഴി കൂവല്‍ വിഷയത്തില്‍ സമയം കണ്ടെത്തിയ നഗരസഭയ്ക്ക് നാട്ടുകാര്‍ പ്രത്യേക നന്ദി പറയുകയാണ്. പരാതിക്കിടയാക്കിയ പൂവനോട് ഉടമ. ഇനിയങ്ങോട്ട് കൂവാതിരിക്കാമോ.