secretariat-clash

TOPICS COVERED

സെക്രട്ടേറിയറ്റിലെ കന്‍റീനില്‍ ഊണുസമയത്ത് വെള്ളം കിട്ടിയില്ലെന്നാരോപിച്ച് ട്രഷറി ജീവനക്കാരും കന്‍റീന്‍ ജീവനക്കാരും തമ്മില്‍ കയ്യാങ്കളി. വെള്ളം വെച്ച ജഗ് തറയിലടിച്ച ട്രഷറി ജീവനക്കാരനും എന്‍ജിഒ യൂണിയന്‍ യൂണിറ്റ് സെക്രട്ടറിയുമായ അമല്‍, കന്‍റീന്‍ മാനേജരെ ആക്രമിച്ചതായും പരാതി. കന്‍റീന്‍ മാനേജര്‍ കന്‍റോണ്‍മെന്‍റ് പൊലീസില്‍ പരാതി നല്‍കി. കന്‍റീന്‍ മാനേജര്‍ ആക്രമിച്ചെന്നു കാണിച്ചു അമല്‍ ട്രഷറി ഡയറക്ടര്‍ക്കും പരാതി നല്‍കി. 

 

ഉച്ചയ്ക്ക് സെക്രട്ടേറിയറ്റ് കന്‍റീനിലെ ഊണുസമയത്താണ് വെള്ളം കിട്ടിയില്ലെന്ന തര്‍ക്കം വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലേക്കും മാറിയത്. സെക്രട്ടേറിയറ്റ് ശാഖയിലെ ട്രഷറിയിലെ ഉദ്യോഗസ്ഥര്‍ കന്‍റീനിലെത്തിയാണ് ഭക്ഷണം കഴിച്ചത്. ആ സമയത്ത് ജഗ്ഗില്‍ വെള്ളമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തര്‍ക്കം തുടങ്ങിയത്. പിന്നാലെ ട്രഷറി ജീവനക്കാരനും എന്‍ജി.ഒ യൂണിയന്‍ സെക്രട്ടറിയുമായ അമല്‍ ജഗ് തറയിലടിക്കുകയും കന്‍റീന്‍ മാനേജര്‍ സുരേഷ് കുമാറിനെ മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി. 

സുരേഷ് കുമാര്‍ കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ കന്‍റീന്‍ മാനേജരാണ് മര്‍ദിച്ചതെന്നു കാട്ടി അമല്‍ ട്രഷറി ഡയറക്ടര്‍ക്ക് പരാതി നല്‍കി. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനാണ് കന്‍റീന്‍ നടത്തുന്നത്. കന്‍റീനില്‍ നടന്ന കയ്യാങ്കളി ഉദ്യോഗസ്ഥരും കന്‍റീന്‍ ജീവനക്കാരും ട്രഷറിയിലെത്തി ചോദ്യം ചെയ്തത് കയ്യാങ്കളിലെത്തുകയും ചെയ്തു. ഇതു പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ശ്രമിച്ചെന്നും പരാതിയുയര്‍ന്നു.