ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോളും ചാലിയാറിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി. മുണ്ടേരി ഫാം മുതൽ സൂചിപ്പാറ വരെ തുടരുന്ന തിരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി. അപകടസാധ്യത കണക്കിലെടുത്ത് സന്നദ്ധപ്രവർത്തകരെ ഒഴിവാക്കി സൈന്യവും മറ്റ് സേനാവിഭാഗങ്ങളും ചേർന്നാണ് തിരച്ചിൽ.
കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചതോടെയാണ് ചാലിയാറിലേക്ക് തിരച്ചിൽ കേന്ദ്രീകരിച്ചത്. വയനാട്ടിലെ സൂചിപ്പാറ മുതൽ മലപ്പുറം ജില്ലയിലെ മുണ്ടേരിഫാം വരെയുള്ള പ്രദേശം അഞ്ച് സോണുകളായി തിരിച്ചാണ് പരിശോധന. സൈന്യം, എസ്ഒജി കമാൻഡോസ് ഉൾപ്പെടുന്ന 26അംഗ സംഘം സൂചിപ്പാറ മുതൽ പരപ്പൻപാറ വരെ തിരച്ചിൽ നടത്തും. ദുർഘടമായ പ്രദേശത്ത് വ്യോമസേന ഹെലികോപ്ടറുകളുടെ സഹായത്തോടെ ദൗത്യസംഘാംഗങ്ങളെ ഇറക്കിയാണ് തിരച്ചിൽ.
മഴയ്ക്ക് പിന്നാലെ പുഴയിൽ ഒഴുക്ക് വർദ്ധിച്ചതോടെ ചാലിയാറിലെ തിരച്ചിൽ ഏറെ സങ്കീർണമാണ്. എൻഡിആർഎഫ്, വനംവകുപ്പ്, പൊലീസ്, തണ്ടർബോൾട്ട്, ഫയർഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വനം കേന്ദ്രീകരിച്ചാണ് നിലമ്പൂരിലെ തിരച്ചിൽ. എൻഡിആർഎഫ്, ഫയർഫോഴ്സ് പൊലീസ് എന്നിവരടങ്ങിയ മറ്റൊരു സംഘം പുഴയിലും തിരയുന്നുണ്ട്. ഇവിടെ നിന്നാണ് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
ചാലിയാറിൽ നിന്ന് ഇതുവരെ 247 മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. മരിച്ചവർ ആരെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധനഫലങ്ങൾ ഇന്ന് മുതൽ പുറത്തുവിടും.