കൊല്‍ക്കത്ത ആര്‍.ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ റസിഡന്‍റ് ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം നിന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തിലാണ്. ബംഗാള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
പോലീസ് അന്വേഷണം പര്യാപ്തമല്ലെന്ന വനിത ഡോക്ടറുടെ മാതാപിതാക്കളുടെ വാദം പരിഗണിച്ചാണ് കൊല്‍ക്കത്ത ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന മാതാപിതാക്കളുടെ ആശങ്ക ന്യായമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഭരണകൂടം ഇരയ്‌ക്കും കുടുംബത്തിനുമൊപ്പം നിന്നില്ലെന്നും വിമര്‍ശിച്ച ഹൈക്കോടതി ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ എന്തുചെയ്തെന്നും ചോദിച്ചു. രാജിവച്ച പ്രിന്‍സിപ്പലിന് മറ്റൊരുകോളജില്‍ വീണ്ടും നിയമനം നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു. പ്രിന്‍സിപ്പലിനോട് അനിശ്ചിതകാല അവധിയില്‍പോകാനും നിര്‍ദേശം നല്‍കി.
കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും റിപ്പോർട്ട് തേടി. സുരക്ഷയുറപ്പാക്കലും നഷ്ടപരിഹാരമുള്‍പ്പെടെ ആവശ്യപ്പെട്ട് റസിഡന്‍റ് ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം രണ്ടാം ദിവസവും തുടരുകയാണ്. അതിക്രൂര പീഡനത്തിന് ശേഷമാണ് കൊലപാതകമെന്നും ശരീരത്തില്‍ മുറിവേല്‍ക്കാത്ത ഭാഗങ്ങളില്ലെന്നുമാണ് പൊസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗങ്ങളിൽനിന്നുമള്‍പ്പെടെ രക്തസ്രാവമുണ്ടായി. വെള്ളിയാഴ്ചയാണ് സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അറസ്റ്റിലായ പ്രതി സഞ്ജോയ് റോയിക്കെതിരെ നേരത്തെയും പരാതികളുണ്ട്. കേസില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍നിന്നടക്കം പോലീസ് മൊഴിയെടുത്തു.