TOPICS COVERED

കേരളത്തില്‍ ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.സുഭാഷ് മാറിയതിന് പിന്നാലെ  നാല് മേഖലാസെക്രട്ടറിമാരും ഒഴിയുന്നു. ബി.ജെ.പിയുടെയും പരിവാര്‍ സംഘടനകളുടെയും ഭാരവാഹിത്വത്തില്‍ നിന്നും ആര്‍.എസ്.എസ് പൂര്‍ണമായി മാറുന്നതിന്റെ ഭാഗമായാണിത്. ഈ പദവികളില്‍ ഇനി ആര്‍.എസ്.എസില്‍ നിന്ന് മുഴുവന്‍സമയ പ്രചാരകരെ നിയോഗിക്കില്ല.

ബി.ജെ.പിയുടെ ദൈനംദിന രാഷ്ട്രീയത്തില്‍ നിന്ന് ആര്‍.എസ്.എസ് ഘട്ടംഘട്ടമായി പിന്മാറുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന കെ.സുഭാഷ് പദവി ഒഴിഞ്ഞത്. ഇതിന് പുറമെ നാല് മേഖലസെക്രട്ടറിമാരും മാതൃസംഘടനയായ ആര്‍.എസ്.എസ്സിലേക്ക് മടങ്ങുകയാണ്.

കഴിഞ്ഞവര്‍ഷം ജൂണില്‍ പാലോട് ചേര്‍ന്ന യോഗത്തിലാണ് സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ഗണേശിനെ മാറ്റി സുഭാഷിനെ നിയോഗിച്ചത്. ഗണേശ് നാലുവര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നിരുന്നു. സുഭാഷ് ഒരുവര്‍ഷം പൂര്‍ത്തിയാപ്പോള്‍ തന്നെ ഒഴിഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുകയും  വോട്ടുശതമാനം കൂട്ടുകയും ചെയ്യുന്നതില്‍ സുഭാഷ് സുപ്രധാനപങ്കുവഹിച്ചിരുന്നു.  ദേശീയ തലത്തിലുള്ള നയത്തിന്റെ ഭാഗമായാണ് സംഘടനാചുമതലയുള്ള ആര്‍.എസ്യഎസ്സുകാരുടെ പിന്മാറ്റം. 

തിരുവനന്തപുരം മേഖല സെക്രട്ടറി കൂവൈ സുരേഷ് ഉത്തരമേഖലയില്‍ ആര്‍.എസ്.എസ് ചുമതലയിലേക്ക് . മധ്യമേഖലയിലെ എല്‍. പത്മകുമാര്‍ സേവാ മേഖലയിലേക്ക് പോയേക്കും. പാലക്കാട് മേഖലയിലെ കെ.പി. സുരേഷിന് ആറന്മുളയിലെ ബാലഗ്രാമത്തിന്റെ ചുമതലയാകും നല്‍കുക. ഉത്തരമേഖയിലെ  ജി. കാശിനാഥിനെ എറണാകുളത്ത് ബൗദ്ധിക മേഖലയിലേക്ക് നിയോഗിച്ചേയ്ക്കും. കാശിനാഥ് ബി.ജെ.പി സംഘടനാ സെക്രട്ടറിയാകുമെന്ന് സൂചനയുണ്ടായിരുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിനെയും മാതൃസംഘടനയിലേക്ക് തിരികെ വിളിച്ചെന്നാണ് അറിയുന്നത്. 

ഈ പദവികളില്‍ ഇനി ആര്‍.എസ്.എസ്സില്‍ നിന്ന് മുഴുവന്‍സമയ പ്രചാരകര്‍ വരില്ല. ബി.ജെ.യില്‍ നിന്നുതന്നെയാകും. ബി.ജെ.പിയില്‍ മാത്രമല്ല ബി.എം.എസ്, എ.ബി.വി.പി , വി.എച്ച്.പി തുടങ്ങിയ സംഘനകളിലെയും ആര്‍.എസ്.എസ് പ്രതിനിധികള്‍ പിന്‍വാങ്ങും.

ബി.ജെ.പി ഉള്‍പ്പടെയുള്ള പരിവാര്‍ സംഘടനകള്‍ രാജ്യത്ത് വേണ്ടത്ര വളര്‍ന്നുവെന്നും ഇനി ആര്‍.എസ്.എസ് കൈത്താങ്ങ് ആവശ്യമില്ലെന്നും നേതൃത്വം വിലയിരുത്തുന്നു. അടുത്തവര്‍ഷം ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് രാജ്യത്തെ ആര്‍.എസ്.എസ്. ശാഖകള്‍ ഒരുലക്ഷത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ അറുപതിനായിരം ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. ഈമാസം 31 മുതല്‍ അടുത്തമാസം രണ്ടുവരെ പാലക്കാട് ചേരുന്ന അഖിലഭാരതീയ ബൈഠകില്‍ പ്രവര്‍ത്തങ്ങള്‍ക്ക് അന്തിമരൂപമാകും.

ENGLISH SUMMARY:

Four regional secretaries of the BJP organization in Kerala are resigning