haritha-karma-sena

TOPICS COVERED

ആകാശ യാത്രയെന്ന സ്വപ്നം യാഥാർഥ്യമാക്കി ഹരിത കർമ സേനാംഗങ്ങൾ. പാലക്കാട് പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളും ജനപ്രതിനിധികളും ജീവനക്കാരുമാണ് ബെംഗലൂരുവിലേക്ക് വിമാന യാത്ര നടത്തിയത്. സാധാരണക്കാരായ തൊഴിലാളികളുടെ ആഗ്രഹം ഒരേ മനസോടെ ഭരണസമിതിയും ഉദ്യോഗസ്ഥരും ഏറ്റെടുക്കുകയായിരുന്നു. 

 

കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്കായിരുന്നു ആകാശ യാത്ര. പലരും വർഷങ്ങളായി മനസിൽ സൂക്ഷിച്ചിരുന്ന സ്വപ്നം. മറക്കാനാവാത്ത നിമിഷങ്ങളെന്ന് യാത്രികർ. പട്ടഞ്ചേരി പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങളായ മുപ്പത്തി രണ്ടുപേരാണ് വിമാന യാത്ര നടത്തിയത്. കൊച്ചിയില്‍ നിന്ന് വിസ്താര വിമാനത്തിലായിരുന്നു യാത്ര. ബെംഗളൂരുവിലെ കാഴ്‌ചകള്‍ ആസ്വദിച്ച് ട്രെയിനില്‍ പാലക്കാട്ടു തിരിച്ചെത്തുന്ന രീതിയിലായിരുന്നു യാത്രയുടെ ക്രമീകരണം. ഗ്രാമപഞ്ചായത്ത് ഹരിത കർമസേന 2024 മാർച്ചിൽ യൂസർ ഫീ കലക്ഷൻ 100 ശതമാനം പൂർത്തീകരിച്ചിരുന്നു. ഇതെത്തുടർന്നാണ് ഹരിത കർമ സേനാംഗങ്ങൾ വിമാനയാത്രയെന്ന ആഗ്രഹം പഞ്ചായത്ത് ഭരണസമിതിക്ക് മുന്നിൽ വച്ചത്. ഭരണസമിതിയും, ജീവനക്കാരും ഒരേ മനസോടെ പച്ചക്കൊടി കാണിച്ചതിനാല്‍ യാത്രയ്ക്ക് അനുമതിയായി. 

ബെംഗലൂരുവിലെ ലാൽ ബാഗിൽ അബേദ്ക്കർ സ്മരണ പുതുക്കുന്ന പുഷ്പമേളയും, ഹൈക്കോടതി സമുച്ഛയം, വിധാൻ സൗധം, മജിസറ്റിക് സിറ്റി,  എന്നിവ കണ്ടാണ് ഹരിത കർമ സേനാംഗങ്ങൾ ആകാശയാത്ര വിസ്മയമാക്കിയത്. യാത്രയുടെ പ്രചോദനം ഉൾക്കൊണ്ട് പട്ടഞ്ചേരിയിൽ നിന്നും കൂടുതലാളുകൾ സമാന രീതിയിൽ യാത്ര നടത്താനുള്ള തീരുമാനത്തിലാണ്.

Harita Karma Sena members made the dream of sky travel a reality: